ദുരിതത്തിന് അവസാനം; മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനിയെ എയർ ആംബുലൻസിൽ നാട്ടിലെത്തിക്കും

മിനിയെ തുടർച്ചായി ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെയാണ് കുടുംബം ലോക കേരള സഭ സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ടത്.
burn injured malayali woman to be transferred from malasia to India by AIr ambulance

ദുരിതത്തിന് അവസാനം; മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവനായി എയർ ആംബുലൻസ് ഒരുങ്ങി

Updated on

ക്വാലാലംപുർ: മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്തിനിരയായി ഗാർഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ മിനി ഭാർഗവനെ (54) നാട്ടിലെത്തിക്കാനുള്ള നപടികൾ പൂർത്തിയായി. ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും പൊള്ളലേറ്റ് മാർച്ച് 7ന് പെനാങ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും തൊഴിലുടമ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ചികിത്സയിലിരിക്കേ ശ്വാസകോശത്തിലെ അണുബാധയും വൃക്ക സംബന്ധമായ അസുഖങ്ങളും മൂർച്ഛിച്ചതോടെ മിനിയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു. മിനിയെ തുടർച്ചായി ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെയാണ് കുടുംബം ലോക കേരള സഭ സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ടത്. തുടർന്ന് മലേഷ്യയിലെ ലോക കേരള സഭാ പ്രതിനിധികൾക്ക് വിവരം കൈമാറി. ലോക കേരള സഭ അംഗവും സാമൂഹിക പ്രവർത്തകനുമായ ആത്മേശൻ പച്ചാട്ടിന്‍റെ പ്രാഥമികാന്വേഷണത്തിലാണ് രണ്ടുമാസത്തിലധികമായി ഇരുപത്താറ്‌ ശതമാനത്തോളം ഗുരുതരമായ പൊള്ളലേറ്റ്, വെന്‍റിലേറ്ററിൽ അബോധാവസ്ഥയിൽ കഴിയുന്ന മിനിയെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകമറിയുന്നത്.

ശേഷം ആത്മേശനും മലേഷ്യയിലെ ഇന്ത്യൻ ഹെറിറ്റേജ് സൊസൈറ്റി ഭാരവാഹി ശശികുമാർ പൊതുവാളും ചേർന്ന് പ്രസ്തുത വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിയെ സമീപിക്കുകയായിരുന്നു. തുടരന്വേഷണത്തിൽ ജോലി വിസ നൽകാമെന്ന വ്യാജേന ഗാർഹിക തൊഴിലാളികളായി സന്ദർശക വിസയിൽ മലേഷ്യയിലേക്ക് കടത്തിയ മിനിയുടെ സഹോദരിയടക്കം നാൽപ്പത്തിരണ്ട്‍ സ്ത്രീകളിൽ ഒരാള്‍ മാത്രമാണ് മിനിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏജന്‍റിന്‍റെ വീട്ട് തടങ്കലിൽ പാർപ്പിച്ചിരുന്ന സഹോദരിയെയും മറ്റൊരു സ്ത്രീയെയും എംബസിയുടെ നേതൃത്വത്തിൽ പ്രത്യേക ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യൻ എംബസിയിലെ ലേബർ വിംഗിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടൽ തൊഴിലുടമക്കും ഏജന്‍റിനുമെതിരെയുള്ള നടപടികൾ വേഗത്തിലാക്കി. നിലവിൽ മിനിയുടെ ആരോഗ്യസ്ഥിതിയിലെ പുരോഗതിയെ തുടർന്ന് ആശുപത്രി അധികൃതരും എംബസി ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയുടെ ഫലമായി തുടർ ചികിത്സയ്ക്കായി നാട്ടിലെത്തിക്കാനും അവസരമൊരുങ്ങിക്കഴിഞ്ഞു.

മനുഷ്യക്കടത്തിനെതിരെയുള്ള നിയമനടപടികളുടെ ബലത്തിൽ ഇരയെ നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചിലവും തൊഴിലുടമയെ കൊണ്ട് വഹിപ്പിക്കാനുള്ള ഇന്ത്യൻ എംബസിയുടെ നയതന്ത്ര ഇടപെടലും ഫലം കണ്ടതോടെ മിനിക്ക് വേണ്ടി എയർ ആംബുലൻസും സജ്ജമായി. ഷെഡ്യൂൾ ചെയ്തത് പ്രകാരം മെയ് 22 ന് രാത്രി ക്വലാലമ്പൂരിൽ നിന്നും മലേഷ്യൻ എയർലൈൻസിന്‍റെ പ്രത്യേക എയർ ആംബുലൻസിൽ കൊച്ചിയിലെത്തിക്കും. തുടർ ചികിത്സകൾക്കായി നോർക്ക റൂട്ട്സിന്‍റെ നേതൃത്വത്തിൽ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എല്ലാ സജ്ജീകരണങ്ങളും ചെയ്ത് കഴിഞ്ഞു. മനുഷ്യക്കടത്തിന്‍റെ ഇരയായ മലയാളി പ്രവാസിയെ എയർആംബുലൻസ് ഉപയോഗിച്ച് നാട്ടിലേക്ക് എത്തിക്കുന്നത് ഇതാദ്യമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com