

മുകുൾ റോയ്
കോൽക്കത്ത: കൂറുമാറ്റ നിരോധന നിയമം പ്രകാരം പശ്ചിമ ബംഗാളിലെ മുതിർന്ന നേതാവ് മുകുൾ റോയിയുടെ നിയമസഭാം അംഗത്വം കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. 2021 മേയിൽ ബിജെപി സ്ഥാനാർഥിയായി വിജയിച്ചാണ് റോയ് നിയമസഭയിലെത്തിയത്. പക്ഷേ ഓഗസ്റ്റിൽ ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
ഇതിനെതിരേ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ബിജെപി എംഎൽഎ അംബിക റോയ് എന്നിവർ നൽകിയ ഹർജിയിലാണ് നടപടി.
ജസ്റ്റിസ് ദേബങ്സു ബാസക് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിധി. മുകുൾ റോയുടെ അംഗത്വം റദ്ദാക്കാനുള്ള ആവശ്യം തള്ളിക്കൊണ്ടുള്ള നിയമസഭാ സ്പീക്കർ ബിമാൻ ബാനർജിയുടെ തീരുമാനത്തിനെതിരേയാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചത്.