ക്യാമറ മറച്ചു, നേർച്ചപ്പണം ശുചിമുറിയിൽ ഒളിപ്പിച്ചു; അയോധ്യയിൽ മോഷണം തുടങ്ങിയിട്ട് 2 വർഷം

ക്ഷേത്രത്തിലെ ഒരു ഭണ്ഡാരം നിറയുമ്പോൾ കുറഞ്ഞത് 6-7 ലക്ഷം രൂപ വരെ ഉണ്ടാകാറുണ്ട്.
Camera hidden, vow money hidden in toilet; Ayodhya theft goes back years
ayodhya ram mandir inauguration
Updated on

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ നേർച്ചപ്പണം തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് പ്രത്യേക അന്വേഷണ സംഘം. കേസിൽ എട്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് രാജി വയ്ക്കുകയും ചെയ്തു. വർഷങ്ങളോളമായി തുടർന്നു വരുന്ന മോഷണമാണ് ഒടുവിൽ പിടിക്കപ്പെട്ടിരിക്കുന്നത്. ഭണ്ഡാരങ്ങളിൽ നിന്നുള്ള നേർച്ചപ്പണം എണ്ണുമ്പോൾ ജീവനക്കാരിലൊരാൾ സിസിടിവി ക്യാമറ മറച്ചിരുന്നുവെന്നും മറ്റുള്ളവർ പണം മോഷ്ടിച്ചിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തിരിക്കുന്നത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചികളുടെ നിയന്ത്രണമുണ്ടായിരുന്ന രാംശങ്കർ യാദവ് (ടിന്നു), അവിനാശ് ശുക്ല, അനുകൽപ്പ് മിശ്ര, മനീഷ് യാദവ്, രമാശങ്കർ മിശ്ര, സുഭാഷ്, കരുണേഷ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ക്ഷേത്രത്തിലെ ഒരു ഭണ്ഡാരം നിറയുമ്പോൾ കുറഞ്ഞത് 6-7 ലക്ഷം രൂപ വരെ ഉണ്ടാകാറുണ്ട്. എന്നാൽ കാലക്രമേണ ഭണ്ഡാരത്തിൽ നിന്ന് കിട്ടുന്ന പണത്തിൽ കുറവു വന്നത് സംശയങ്ങൾക്കിടയാക്കി. അതോടെയാണ് ട്രസ്റ്റ് അധികൃതർ നേർച്ചപ്പണം എണ്ണുന്ന മുറിയിൽ സിസിടിവി ക്യാമറയ്ക്കു പുറമേ ജീവനക്കാർ അറിയാതെ രഹസ്യ ക്യാമറകൾ കൂടി സ്ഥാപിച്ചത്.

ഒരാഴ്ചയ്ക്കു ശേഷം രഹസ്യ ക്യാമറയിലെ ഫൂട്ടേജുകൾ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. പണം എണ്ണുന്ന മുഴുവൻ സമയവും ജീവനക്കാരിൽ ഒരാൾ സിസിടിവി ക്യാമറയെ മറച്ചെന്ന പോലെയാണ് നിന്നിരുന്നത്. അതേ സമയം മറ്റു ജീവനക്കാർ കെട്ടു കണക്കിന് പണം അവരുടെ തുണികൾക്കിടയിൽ ഒളിപ്പിക്കുന്നതും കണ്ടെത്തി.

മോഷ്ടിക്കുന്ന പണം ആദ്യം ക്ഷേത്ര വളപ്പിനുള്ളിലെ ശുചിമുറികളിലാണ് ഒളിപ്പിച്ചിരുന്നത്. പിന്നീട് പറ്റിയ സാഹചര്യം വരുമ്പോൾ ക്ഷേത്രത്തിനു പുറത്തേക്കു കടക്കും. അതിനു ശേഷമാണ് ജീവനക്കാർ പണം ഭാഗിച്ചെടുത്തിരുന്നത്. 2024ൽ ക്ഷേത്രം തുറന്ന കാലം മുതൽ ഈ റാക്കറ്റ് പ്രവർത്തിച്ചു വരുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2026 ഏപ്രിൽ 27 മുതൽ ജൂൺ 5 വരെ മാത്രം 70 മോഷണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

അറസ്റ്റിലായവരിൽ മിക്കവരും ആരുടെയെങ്കിലുമൊക്കെ ശുപാർശയിൽ ജോലിക്കു കയറിയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്‌യുടെ ഡ്രൈവറായിരുന്നു അറസ്റ്റിലായ ടിന്നു യാദവ്. ഇയാൾ വഴിയാണ് മനീഷ് യാദവിന് നേർച്ചപ്പണം എണ്ണുന്ന ജീവനക്കാരനായി ജോലി കിട്ടിയത്.

പണം എണ്ണിത്തിട്ടപ്പെടുത്തുമ്പോൾ ഒരു നിശ്ചിത എണ്ണം നോട്ടുകളാണ് ഒരു കെട്ടിൽ ഉൾപ്പെടുത്താറുള്ളത്. എന്നാൽ ജീവനക്കാർ എല്ലാ കെട്ടുകളിലും ഒരു നോട്ട് അധികമായി വയ്ക്കും. ഏറ്റവും ഒടുവിൽ കെട്ടുകളുടെ എണ്ണം മാത്രം എടുത്ത് കണക്കെഴുതി വൗച്ചർ ഉണ്ടാക്കും. പിന്നീട് ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനു മുൻപ് എല്ലാ കെട്ടിൽ നിന്നും അധികമായി ഉൾപ്പെടുത്തിയ പണം എടുത്ത് മാറ്റുകയാണ് മറ്റൊരു മോഷണരീതി.

കാണിക്കവഞ്ചിയിലെ പണം എണ്ണുന്ന ജീവനക്കാരെ ക്ഷേത്രത്തിൽ നിന്ന് തിരിച്ചു പോകുമ്പോൾ പരിശോധിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ മോഷ്ടിച്ച പണം ഇവർക്ക് എളുപ്പത്തിൽ ക്ഷേത്രത്തിൽ നിന്ന് കടത്താനായി. അറസ്റ്റിലായ അവിനാഷ് ശുക്ല തട്ടിയെടുക്കുന്ന പണം മുഴുവൻ സ്വന്തം ബാങ്ക് അക്കൗണ്ടിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഭക്തർ കാണിക്കവഞ്ചിയിൽ അർപ്പിക്കുന്ന ആഭരണങ്ങൾ മോഷ്ടിക്കുന്നതും പതിവായിരുന്നു. ഇത്തരത്തിൽ കമ്മൽ, മൂക്കുത്തി, വള, പാദസരം എന്നിവയെല്ലാം കവർന്നിട്ടുണ്ടെന്നാണ് എസ്ഐടി റിപ്പോർട്ടിൽ ഉള്ളത്. ടിന്നു യാദവ്, സുഭാഷ് ശ്രീവാസ്തവ എന്നിവരാണ് മോഷണത്തിൽ പ്രധാന പങ്കു വഹിച്ചിരുന്നത്.

logo
Metro Vaartha
www.metrovaartha.com