
ദീപാവലിക്ക് വിറ്റത് നിരോധിച്ച കാർബൈഡ് ഗണ്ണുകൾ; 14 കുട്ടികളുടെ കാഴ്ച നഷ്ടപ്പെട്ടു
ഭോപ്പാൽ: ദീപാവലി ആഘോഷത്തിന്‍റെഭാഗമായി കാർബൈഡ് ഗൺ കൊണ്ടു കളിച്ച 14 കുട്ടികളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. മധ്യപ്രദേശിലാണ് സംഭവം. കഴിഞ്ഞ 3 ദിവസങ്ങൾക്കിടെ 122ൽ അധികം കുട്ടികളാണ് കണ്ണിൽ ഗുരുതരമായ പരുക്കിനെത്തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സതേടിയത്. ഇതിൽ 14 പേരുടെ കാഴ്ച നഷ്ടപ്പെട്ടതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു. ഒക്റ്റോബർ 18ന് സർക്കാർ കാർബൈഡ് ഗണ്ണുകൾ നിരോധിച്ചിരുന്നു. എന്നിട്ടും വിദിശയിലെ പ്രാദേശിക വിപണികളിൽ ഇവ വിറ്റഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
കളിപ്പാട്ടം പോലെ തോന്നുമെങ്കിലും ഇവ പൊട്ടിത്തെറിച്ച് വലിയ അപകടങ്ങളാണ് വരുത്തി വച്ചത്. വെറും 150-200 രൂപയ്ക്കാണ് ഇവ വിറ്റഴിച്ചിരുന്നത്. അനധികൃതമായി കാർബൈഡ് ഗൺ വിറ്റ ആറു പേരെ വിദിശയിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിൽ മാത്രം കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 26 കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മധ്യപ്രദേശിലെ ഭൂരിപക്ഷം ആശുപത്രികളിലെയും നേത്ര വിഭാഗം വാർഡുകൾ നിറഞ്ഞ അവസ്ഥയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പല കുട്ടികൾക്കും ഇനി കാഴ്ച ശക്തി തിരിച്ചു ലഭിക്കാൻ ഇടയില്ലെന്ന് ഹമീദിയ ആശുപത്രിയിലെ ഡോക്റ്റർ മനീഷ് ശർമ പറയുന്നു. ഇൻസ്റ്റഗ്രാമിൽ ഫയർക്രാക്കർ ഗൺ ചലഞ്ച് എന്ന പേരിലുള്ള ഷോർട് വിഡിയോകൾ വൈറലായതും ഇത്തരം ഗണ്ണുകളുടെ ഉപയോഗം വർധിപ്പിച്ചു.