ബലാത്സംഗ കേസ് പ്രതി പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ മൊബൈൽ ഫോൺ എത്തിച്ച് നൽകിയതിൽ 7 പേർക്കെതിരേ കേസ്

2 ജയിൽ ഉദ‍്യോഗസ്ഥരടക്കമുള്ളവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്
Case registered against seven individuals for supplying a mobile phone to rape case accused Prajwal Revanna in jail

പ്രജ്വൽ രേവണ്ണ

Updated on

ബെംഗളൂരു: ബലാത്സംഗക്കേസിൽ ജ‍യിലിൽ‌ കഴിയുന്ന എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും ജെഡിഎസ് മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ മൊബൈൽ ഫോണും സിം കാർഡും എത്തിച്ചു നൽകിയതിൽ 2 ജയിൽ ഉദ‍്യോഗസ്ഥരടക്കം 7 പേർക്കെതിരേ കേസ്. പ്രതാപ് റാവു, തൗസിഫ്, നവീൻ കുമാർ, സിദ്ദിഖ്, ജയിൽ ഉദ‍്യോഗസ്ഥരായ പ്രാകാശ്, മഞ്ജുനാഥ് എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഡിജെ ഹള്ളി പ്രദേശവുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇടനിലക്കാർ, തടവുകാർ, ജയിൽ ഉദ‍്യോഗസ്ഥർ എന്നിവരുടെ പങ്കിനെ പറ്റി അന്വേഷിച്ചു വരുകയാണെന്നും അന്വേഷണ ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി.

മൊബൈൽ ഫോൺ എങ്ങനെ ജയിലിനുള്ളിലെത്തി, ആരുടെ സഹായത്തോടെയാണ് ഉപയോഗിച്ചത് എന്നീ കാര‍്യങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തടവുകാരും ജയിൽ ഉദ‍്യോഗസ്ഥരും ഉൾപ്പെട്ട സംഘമാണ് പ്രജ്വൽ രേവണ്ണയ്ക്ക് മൊബൈൽ ഫോൺ നൽകിയതെന്നാണ് പൊലീസ് കരുതുന്നത്.

കെജെ ഹള്ളി, ഡിജെ ഹള്ളി പ്രദേശങ്ങളിലെ അക്രമ കേസുകളിൽ പ്രതികളായ സിദ്ദിഖ്, തൗഫിഖ് എന്നിവർ മൊബൈൽ ഫോൺ എത്തിച്ചു നൽകാൻ സഹായിച്ചുവെന്നാണ് പൊലീസിന്‍റെ നിഗമനം. രണ്ട് ദിവസം കസ്റ്റഡിയിലെടുത്ത ശേഷം സെപ്റ്റംബർ 10ന് പ്രജ്വൽ രേവണ്ണയെ ജയിലിലേക്ക് അയച്ചതായും ജയനഗർ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ തൗഫിഖ് ആണ് മൊബൈൽ ഫോൺ വാങ്ങിയതെന്നും പൊലീസ് സംശയിക്കുന്നു.

പിന്നീട് സിദ്ദിഖിന്‍റെ പേരിൽ സിം കാർഡ് ജയിലിനുള്ളിലേക്ക് കടത്തുകയും മൊബൈൽ ഫോണിനായി പ്രജ്വൽ 1 ലക്ഷം രൂപയും സിം കാർഡിന് 50,000 രൂപയും നൽകിയതായും പൊലീസ് കരുതുന്നു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മൊബൈൽ ഫോൺ ജയിലിനുള്ളിൽ നിന്നും കണ്ടെത്തിയതിനു പിന്നാലെ രൂപീകരിച്ച ഡിസിപി നാരായണന്‍റെ നേതൃത്വത്തിലുള്ള പ്രത‍്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

ഫോണും സിം കാർഡും വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിച്ചുവരുകയാണ്. പ്രജ്വലിന്‍റെ കുടുംബത്തിന്‍റെ ഫാം ഹൗസിൽ ജോലിക്കാരിയായ യുവതിയെ രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായും ഇതിന്‍റെ ദൃശൃങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. ഇതു കൂടാതെ മൂന്നു പീഡനക്കേസുകളും പ്രജ്വലിനെതിരേയുണ്ട്.

logo
Metro Vaartha
www.metrovaartha.com