

അഭിജീത് ദിപ്കെ
മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിക്കുകയും ഔദ്യോഗിക പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കൺവീനർ അഭിജീത് ദിപ്കെയ്‌ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പാർട്ടി പ്രവർത്തകൻ അജിൻക്യ ഷിൻഡെ ഉൾപ്പെടെ മറ്റ് സിജെപി പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഔസ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജവാലിയിലെ ജില്ലാ പരിഷത്ത് ഉറുദു സ്കൂളിലാണ് സംഭവം. സ്കൂളിലെ അധ്യാപിക സയ്യിദ് ഷംഷദ്ബാനോ ഖൈറത്താലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായ സംഹിതയിലെ 132, 329(3), 351(2), 356(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നതിനായി ആക്രമണമോ ക്രിമിനൽ ബലപ്രയോഗമോ നടത്തൽ, അനധികൃതമായി കെട്ടിടത്തിൽ പ്രവേശിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, ക്രിമിനൽ അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അനുമതിയില്ലാതെ അഭിജീതും സംഘവും സ്കൂൾ പരിസരത്ത് പ്രവേശിച്ചെന്നും വിദ്യാർഥികൾക്കൊപ്പം ഇരുന്ന് സ്കൂളിലെ സൗകര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചെന്നും പരാതിയിൽ പറയുന്നു. ഇത് വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും സർക്കാർ ഔദ്യോഗിക പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തിയെന്നും ആരോപണമുണ്ട്. സ്കൂൾ സന്ദർശനത്തിന്റെയും വിദ്യാർഥികളുമായുള്ള ആശയവിനിമയത്തിന്റെയും ദൃശ്യങ്ങൾ അഭിജീത് പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായും പരാതിയിൽ പറയുന്നു. കൂടാതെ
സന്ദർശനത്തിനിടെ മറ്റൊരു സ്കൂളിലെ വിദ്യാർഥികളെ കൊണ്ടുവന്ന് ക്ലാസ് മുറികളിൽ ഇരുത്തിയതായി അഭിജീത് ആരോപിച്ചതായും അധ്യാപകരെ സസ്പെൻഡ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജയ്പൂരിലെ ഒരു സർക്കാർ സ്കൂൾ സന്ദർശനത്തിനിടെ സിജെപി സംഘത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. അതേസമയം, അനുമതിയില്ലാതെ മുനിസിപ്പൽ സ്കൂളുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് സിജെപി പ്രവർത്തകരെ മുംബൈയിലെ വിദ്യാഭ്യാസ വകുപ്പ് വിലക്കുകയും ചെയ്തിട്ടുണ്ട്.