

ഐഐടി വിദ‍്യാർഥിയുടെ ആത്മഹത‍്യ; മാതാപിതാക്കളുടെ പരാതിയിൽ കേസ്
മുംബൈ: പരീക്ഷയ്ക്കിടെ ചാറ്റ് ജിപിടിയുടെ സഹായത്തോടെ കോപ്പിയടിക്കാൻ ശ്രമിച്ചതിന് പിടികൂടിയതിനു പിന്നാലെ ഐഐടി ബോംബെയിൽ വിദ‍്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ജീവനൊടുക്കിയ സാഹിൽ വകോഡെയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത‍്യാപ്രേരണ അടക്കമുള്ള മറ്റു വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിദ‍്യാർഥിയുടെ പിതാവ് ഉന്നയിച്ച ആരോപണങ്ങളിലും പൊലീസ് അന്വേഷണം നടത്തിവരുകയാണ്. തന്‍റെ മകനെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് വിദ‍്യാർഥിയുടെ അമ്മ ആരോപിക്കുന്നത്.
ഇതിനു പിന്നാലെ ക‍്യാംപസിൽ വിദ‍്യാർഥികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ക‍്യാംപസിലെ അധ‍്യാപകരുടെ ഭീഷണിയെത്തുടർന്നാണ് സാഹിൽ ജീവനൊടുക്കിയതെന്നാണ് വിദ‍്യാർഥികൾ പറയുന്നത്. കഴിഞ്ഞ ദിവസം പരീക്ഷ നടക്കുന്നതിനിടെ സാഹിൽ ചോദ‍്യപേപ്പർ ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരമെഴുതാൻ ശ്രമിച്ചെന്നാണ് പ്രധാന ആരോപണം.
സംഭവത്തെത്തുടർന്ന് വിദ‍്യാർഥിക്കെതിരേ അച്ചടക്ക നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും വിഷയം അധ‍്യാപകനും വകുപ്പ് മേധാവിയും വിദ‍്യാർഥിയുമായി ചർച്ച ചെയ്തിരുന്നതായി ഐഐടി ബോംബെ പ്രസ്താവനയിലൂടെ അറിയിച്ചു. വിഷയം വിദ‍്യാർഥികളുടെ പഠനത്തെ ബാധിക്കില്ലെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നുവെന്നുമാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നാം തവണയാണ് ഇതേ ക‍്യാംപസിൽ വിദ‍്യാർഥി ജീവനൊടുക്കിയത്.