

പ്രതിഷേധത്തിൽ നിന്നും
ബെംഗളൂരു: കാവേരി നദിയിൽ നിന്നും 15 ദിവസത്തേക്ക് തമിഴ്നാടിന് പ്രതിദിനം 3,500 ക‍്യുസെക്സ് വെള്ളം വിട്ടുകൊടുക്കാൻ കാവേരി ജല നിയന്ത്രണ സമിതി (സിഡബ്ല‍്യുആർസി) നിർദേശം നൽകിയതിനു പിന്നാലെ കർണാടകയിൽ പ്രതിഷേധം രൂക്ഷം.
സിഡബ്ല‍്യുആർസിയുടെ തീരുമാനത്തെ എതിർത്ത് കന്നഡ സംഘടനകളും കർഷകരും ആക്റ്റിവിസ്റ്റുകളും രംഗത്തെത്തി. ഉത്തരവ് പുനപരിശോധിക്കാത്ത പക്ഷം സംസ്ഥാന വ‍്യാപകമായി ബന്ദ് നടത്തുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
പ്രവീൺ ഷെട്ടിയുടെ നേതൃത്വത്തിൽ കന്നഡ രക്ഷണ വേദികെ അംഗങ്ങൾ ബെംഗളൂരുവിലെ രാമനഗര ജില്ലയിൽ പന്തംകൊളുത്തി പ്രതിഷേധം നടത്തി. കാവേരി ജല നിയന്ത്രണ സമിതിയുടെ തീരുമാനം അശാസ്ത്രീയമാണെന്നും കർണാടക ജല പ്രതിസന്ധി നേരിടുന്ന സാഹചര‍്യത്തിൽ തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കരുതെന്നും അവർ ആവശ‍്യപ്പെട്ടു.
സംഭവത്തിൽ സംസ്ഥാന വ‍്യാപകമായി ഹർത്താൽ നടത്താനും വ‍്യാപകമായ പ്രക്ഷോഭം അടക്കം ഭാവി പരിപാടികൾ തീരുമാനിക്കാൻ കന്നഡ അനുകൂല സംഘടനകൾ വെള്ളിയാഴ്ച ബെംഗളൂരുവിൽ യോഗം ചേർന്നതായാണ് റിപ്പോർട്ടുകൾ.
അതേസമയം, ബെംഗളൂരുവിലും രാമനഗരയിലും മാത്രമല്ല പ്രതിഷേധങ്ങൾ നടക്കുന്നത്. മാണ്ഡ‍്യ അടക്കമുള്ള ഇടങ്ങളിൽ കർഷകർ റോഡുകൾ ഉപരോധിച്ച് പ്രതിഷേധം നടത്തി. ദീർഘകാലമായി ഇരു സംസ്ഥാനങ്ങളും ഈ വിഷയത്തെ ചൊല്ലി തർക്കം ഉണ്ടാകാറുണ്ട്.
മൺസൂൺ കാലത്ത് മഴ കുറയുമ്പോഴാണ് തർക്കം രൂക്ഷമാകുന്നത്. ഓഗസ്റ്റ് 3ന് തമിഴ്നാട് മുഖ‍്യമന്ത്രി വിജയ് കർണാടക സന്ദർശിക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. കാവേരി നദീജലം പങ്കിടലിനെ പറ്റി കർണാടക മുഖ‍്യമന്ത്രി ഡി.കെ. ശിവകുമാറുമായി വിജയ് ചർച്ച നടത്തിയേക്കും.