സിബിഎസ്ഇ ചെയർമാന്‍റെ കസേര തെറിച്ചു!

ഡിജിറ്റൽ മൂല്യനിർണയത്തിൽ വൻ ക്രമക്കേടെന്ന് പരാതി; പോർട്ടലിൽ സൈബർ ആക്രമണമെന്നു സംശയം; അടിയന്തര അന്വേഷണത്തിന് കേന്ദ്ര സർക്കാർ
CBSE Chairman removed amid digital evaluation row

സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാംശു ഗുപ്ത

Updated on

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട രൂക്ഷമായ ആരോപണങ്ങളിൽ ഉലഞ്ഞ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE). വിവാദങ്ങൾ കടുത്തതോടെ സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്ങിനെയും സെക്രട്ടറി ഹിമാംശു ഗുപ്തയെയും കേന്ദ്ര സർക്കാർ തൽസ്ഥാനങ്ങളിൽ നിന്ന് അടിയന്തരമായി നീക്കി. ഡിജിറ്റൽ മൂല്യനിർണയവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാർഥികളും മാതാപിതാക്കളും ഉയർത്തിയ കടുത്ത പ്രതിഷേധങ്ങൾക്കു പിന്നാലെയാണ് സർക്കാരിന്‍റെ നിർണായക നടപടി.

അതേസമയം, പരീക്ഷാ പുനർമൂല്യനിർണയത്തിനായുള്ള സിബിഎസ്ഇയുടെ ഓൺലൈൻ പോർട്ടലിനു നേരെ ചൊവ്വാഴ്ച വൻ സൈബർ ആക്രമണം ഉണ്ടായതായും സൂചന. തട്ടിപ്പുകൾ പുറത്തുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരംഗ അന്വേഷണ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

കൈയക്ഷരം മാറി; പരീക്ഷാ പേപ്പറിൽ അട്ടിമറി?

സിബിഎസ്ഇ നടപ്പിലാക്കിയ ഓൺ-സ്ക്രീൻ മാർക്കിങ് (OSM) എന്ന ഡിജിറ്റൽ മൂല്യനിർണയ സംവിധാനത്തിനെതിരേയാണ് രാജ്യത്ത് വൻ പ്രതിഷേധം ഉയരുന്നത്. ബോർഡ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത തങ്ങളുടെ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത കോപ്പികളിലെ കൈയക്ഷരം തങ്ങളുടേതല്ലെന്ന് നിരവധി പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾ പരാതിപ്പെട്ടതോടെയാണ് സംഭവം വൻ വിവാദമായത്.

വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ മാറിയിട്ടുണ്ടെന്ന കടുത്ത ആശങ്കയാണ് ഇതോടെ ഉയർന്നത്. ഇതിനു പുറമെ കടുത്ത സാങ്കേതിക തകരാറുകൾ, ഫീസ് പേയ്മെന്‍റ് പരാജയപ്പെടൽ, റീ-ഇവാല്യുവേഷൻ പ്രക്രിയയിലെ വൻ കാലതാമസം എന്നിവയും സിബിഎസ്ഇയെ പ്രതിക്കൂട്ടിലാക്കി. ഇതോടെയാണ് അടിയന്തര ഇടപെടലിലൂടെ ബോർഡിന്‍റെ തലപ്പത്ത് സർക്കാർ മാറ്റം വരുത്തിയത്.

ടെൻഡർ വിളിച്ചതിൽ അഴിമതി?

ഡിജിറ്റൽ മൂല്യനിർണയത്തിനായി ഓൺ-സ്ക്രീൻ മാർക്കിങ് (OSM) സംവിധാനത്തിന്‍റെ സേവനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ഒരംഗ സമിതിയെ നിയോഗിച്ചു. കപ്പാസിറ്റി ബിൽഡിങ് കമ്മീഷൻ ചെയർപേഴ്സൺ എസ്. രാധ ചൗഹാനാണ് അന്വേഷണച്ചുമതല.

ഭരണപരമായ ഏത് വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സഹായം തേടാൻ സമിതിക്ക് അധികാരമുണ്ട്. ഡിജിറ്റൽ മാർക്കിങ് സംവിധാനം ഏർപ്പെടുത്തിയതിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് സമിതി പരിശോധിക്കും. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്യാബിനറ്റ് സെക്രട്ടേറിയറ്റ് നിർദേശിച്ചിരിക്കുന്നത്.

രണ്ട് മിനിറ്റിൽ 15 ലക്ഷം ഹിറ്റ്; പോർട്ടലിൽ സൈബർ അറ്റാക്ക്!

പരീക്ഷാ ഫലത്തിൽ അതൃപ്തിയുള്ള വിദ്യാർഥികൾക്കായി സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ പരിശോധിക്കാനും പുനർമൂല്യനിർണയത്തിനുമായി ചൊവ്വാഴ്ച ഓൺലൈൻ പോർട്ടൽ തുറന്നതിനു പിന്നാലെയാണ് ബോർഡിനെ ഞെട്ടിച്ച് കനത്ത സൈബർ ആക്രമണം ഉണ്ടായത്. പോർട്ടലിന്‍റെ പ്രവർത്തനം തടസപ്പെടുത്താൻ ലക്ഷ്യമിട്ട് ഹാക്കർമാർ കടുത്ത 'ഡിനയൽ ഓഫ് സർവീസ്' (DoS) ആക്രമണം നടത്തിയതായി സിബിഎസ്ഇ എക്സിലൂടെ (X) അറിയിച്ചു.

വെറും രണ്ട് മിനിറ്റിനുള്ളിൽ 15 ലക്ഷം ഹിറ്റാണ് പോർട്ടലിൽ ഉണ്ടായത്. കൂടാതെ ഒരു ലക്ഷത്തിലധികം തവണ ഫയലുകൾ ചോർത്താനുള്ള ശ്രമങ്ങളും നടന്നു. എന്നിരുന്നാലും നിലവിൽ ഒരേസമയം എണ്ണായിരത്തിലധികം പേർക്ക് പോർട്ടൽ ഉപയോഗിക്കാൻ കഴിയുന്നുണ്ടെന്നും വൈകിട്ട് മൂന്ന് മണി വരെ പതിനാറായിരത്തിലധികം വിദ്യാർഥികൾ അപേക്ഷകൾ വിജയകരമായി സമർപ്പിച്ചെന്നും ബോർഡ് വ്യക്തമാക്കി. സാങ്കേതിക തടസങ്ങൾ ഒഴിവാക്കാൻ സെഷൻ ടൈം ലിമിറ്റ് വർധിപ്പിച്ചതായും അധികൃതർ അറിയിച്ചു.

അപേക്ഷിക്കാൻ ജൂൺ 6 വരെ സമയം; ആധാർ നിർബന്ധം

നേരത്തെ മെയ് 29-ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പോർട്ടൽ കടുത്ത സാങ്കേതിക തകരാറുകൾക്ക് ശേഷമാണ് ചൊവ്വാഴ്ച പ്രവർത്തനക്ഷമമായത്. സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ കൈപ്പറ്റിയ വിദ്യാർഥികൾക്കു മാത്രമേ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ സാധിക്കൂ. ജൂൺ 2 മുതൽ ജൂൺ 6 അർധരാത്രി വരെയാണ് അപേക്ഷിക്കാനുള്ള സമയം. ഇതിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.

അപേക്ഷിക്കുന്നതിനായി ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ആധാർ കാർഡ് ഇല്ലാത്ത കുട്ടികൾക്ക് മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ ആധാർ വിവരങ്ങൾ ഉപയോഗിക്കാം. പേജുകൾ നഷ്ടപ്പെടുക, സപ്ലിമെന്‍ററി ഷീറ്റുകൾ ഇല്ലാതിരിക്കുക, തെറ്റായ ചോദ്യപേപ്പർ സെറ്റ് അനുസരിച്ച് മൂല്യനിർണയം നടത്തുക തുടങ്ങിയ പരാതികൾ വിദ്യാർഥികൾക്ക് പോർട്ടൽ വഴി ഉന്നയിക്കാവുന്നതാണ്.

ഒരു ഉത്തരക്കടലാസ് പരിശോധിക്കുന്നതിന് 100 രൂപയും പുനർമൂല്യനിർണയത്തിൽ ഒരു ചോദ്യത്തിന് 25 രൂപയുമാണ് ഫീസ്. യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി ഓൺലൈനായി മാത്രമേ ഫീസ് സ്വീകരിക്കൂ. ഫീസ് അടച്ചു കഴിഞ്ഞാൽ വിവരങ്ങൾ ലോക്ക് ചെയ്യപ്പെടുമെന്നതിനാൽ അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് കൃത്യത ഉറപ്പാക്കണമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. വിദ്യാർഥികളെ സഹായിക്കാനായി വെബ്സൈറ്റിൽ വീഡിയോ ട്യൂട്ടോറിയലും ഉൾപ്പെടുത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com