

ധർമേന്ദ്ര പ്രധാൻ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
file image
ന്യൂഡൽഹി: സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സാങ്കേതിക തകരാറിനെ തുടർന്ന് വിദ്യാർഥികൾ നേരിട്ട പ്രതിസന്ധിയിൽ ഇടപെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സാങ്കേതിക പിഴവിന്‍റെ കാരണം സംബന്ധിച്ചും വിദ്യാർഥികളുടെ ബുദ്ധിമുട്ടിനെ സംബന്ധിച്ചും വിദ്യാഭ്യാസ മന്ത്രി സിബിഎസ്ഇയിൽ നിന്ന് വിശദമായ റിപ്പോർട്ട് നേടി. വെബ്സൈറ്റ് പരിപാലിക്കുന്ന ഏജൻസിയെ സംബന്ധിച്ചും വിവരങ്ങൾ തേടിയിട്ടുണ്ട്.
മാത്രമല്ല, പുനർമൂല്യനിർണയത്തിൽ സാങ്കേതിക തകരാറുകൾ ഒഴിവാക്കുവാനും സിബിഎസ്ഇയെ സഹായിക്കാനും പ്രത്യേകസംഘത്തെയും നിയോഗിച്ചു. ഐഐടി മദ്രാസിലെ പ്രൊഫസർ അടക്കമുള്ള സംഘത്തെ വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ചു. നിലവിലെ പ്രശ്നങ്ങളിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.
സിബിഎസ്ഇ പ്ലസ്ടു പുനർ മൂല്യനിർണയത്തിനു മുന്നോടിയായി ഉത്തരക്കടലാസിന്‍റെ സ്കാൻ ചെയ്ത പകർപ്പ് എടുക്കാനുള്ള അപേക്ഷ സമർപ്പിക്കുന്നതിനിടെയാണ് വെബ്സൈറ്റിൽ സാങ്കേതിക തകരാർ നേരിട്ടത്. ഒരു വിഷയത്തിന്‍റെ ഉത്തരക്കടലാസ് എടുക്കാനുള്ള ഫീസ് 100 രൂപയാണെന്നിരിക്കെ, ഓൺലൈനിൽ 69,420 രൂപ വരെ ചോദിച്ചുവെന്ന പരാതിയുമായി വിദ്യാർഥികളും രക്ഷിതാക്കളും ആരോപിച്ചിരുന്നു. ഫീസ് അടച്ചിട്ടും ഉത്തരകടലാസ് വിദ്യാർഥികൾക്ക് കിട്ടിയില്ലെന്നും ആരോപണമുണ്ട്.
മാത്രമല്ല, ശരിയായ ഉത്തരം എഴുതിയിട്ടും മൂല്യനിർണയത്തിൽ പൂജ്യം മാർക്ക് രേഖപ്പെടുത്തിയ ഉത്തരക്കടലാസിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും വിദ്യാർഥികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ശരിയായ ഉത്തരം എഴുതിയ പല വിദ്യാർഥികൾക്കും ലഭിക്കേണ്ട മാർക്ക് ലഭിച്ചില്ലെന്നാണ് പരാതി ഉയരുന്നുണ്ട്. സംഭവം വിവാദമായതോടെയാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം വിഷയത്തിൽ ഇടപെട്ടത്.