

സെൻസസ് 2027; സെൽഫ് എന്യൂമറേഷന് ചൊവ്വാഴ്ച മുതൽ
തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസ് 2027ന്‍റെ ഒന്നാം ഘട്ടം (ഹൗസ് ലിസ്റ്റിങ്ങും ഹൗസിങ് സെൻസസും) കേരളത്തിൽ ജൂലൈ ഒന്നു മുതൽ 30 വരെ നടക്കും. ഇതിന് മുന്നോടിയായി പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷന് ചൊവ്വാഴ്ച തുടക്കമാകും.
ഈ മാസം 30 വരെ സെൽഫ് എന്യൂമറേഷൻ പോർട്ടൽ ലഭ്യമാകും. ഗവർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരടക്കമുള്ളവർ പങ്കാളികളാകും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ലോക്ഭവനിൽ പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തും. 12.30ന് മുഖ്യമന്ത്രി വി.ഡി. സതീശനും തുടർന്ന് ചീഫ് സെക്രട്ടറി എ. ജയതിലകും പങ്കാളികളാകും. നാളെ 11 മണിക്ക് പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവിയും വിവരങ്ങൾ രേഖപ്പെടുത്തും.
സെൽഫ് എന്യൂമറേഷൻ പോർട്ടൽ ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ ലഭ്യമാകുമെന്ന് കേരള പൊതുഭരണ വകുപ്പ് സെക്രട്ടറിയും സംസ്ഥാന സെൻസസ് നോഡൽ ഓഫിസറുമായ കെ. ബിജു അറിയിച്ചു.
കേരളത്തിലെ സെൻസസ് ഘട്ടം I സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾക്ക് https://se.census.gov.in/ എന്ന പോർട്ടൽ വഴി കുടുംബ വിവരങ്ങൾ സമർപ്പിക്കാം. വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെൻസസുമുള്ള ആദ്യ ഘട്ടത്തിൽ നിലവിൽ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് നൽകേണ്ടത്. ദൂരെ സ്ഥലങ്ങളിൽ പഠിക്കുന്നവരോ, ജോലി ചെയ്യുന്നവരോ അവർ നിലവിൽ നിൽക്കുന്ന സ്ഥലമാണ് നൽകേണ്ടത്. വാടക വീട്ടിൽ താമസിക്കുന്നവർ ആ വീടിന്‍റെ വിവരങ്ങൾ നൽകണം.
വിവരങ്ങൾ നൽകുന്നയാൾ സ്വന്തം മൊബൈൽ നമ്പറും മറ്റ് ആവശ്യമായ വിവരങ്ങളും നൽകി പോർട്ടലിൽ ലോഗിൻ ചെയ്യണം. ചോദ്യങ്ങളെല്ലാം പൂരിപ്പിച്ചു കഴിഞ്ഞാൽ, ഒരു എസ്ഇഐഡി രൂപീകരിക്കപ്പെടും. അത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കും. ഈ എസ്ഇഐഡി എന്യൂമറേറ്റർക്ക് ഫീൽഡ് സന്ദർശന സമയത്ത് കൈമാറണം. സ്വയം രേഖപ്പെടുത്തിയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം, എന്യൂമറേറ്റർ അത് സെൻസസ് ഡാറ്റാ ബേസിലേക്ക് അപ്‍ലോഡ് ചെയ്യും. സെൽഫ് എന്യൂമറേഷൻ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും എന്യൂമറേറ്റർമാർ ജൂലൈ ഒന്നു മുതൽ 30 വരെ വിവര ശേഖരണം നടത്തും.
സെൻസസിൽ വ്യക്തിഗത വിവരങ്ങൾ പ്രസിദ്ധീകരിക്കപ്പെടില്ല. സമഗ്ര ഡാറ്റ മാത്രമാണ് പുറത്തുവിടുന്നതെന്ന് സെൻസസ് ഓപ്പറേഷൻസ് ഡയറക്റ്ററും ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫിസറുമായ ഡോ. ടി മിത്ര പറഞ്ഞു. നൽകുന്ന വിവരങ്ങളിലെ സ്വകാര്യത ഉറപ്പാക്കും. എന്യൂമറേറ്റർമാരുടെ പരിശീലനം 23ന് പൂർത്തിയാക്കും. ഒരു എന്യൂമറേറ്ററിന് 150-200 വീടുകളാണുള്ളത്. 16 ഭാഷകളിലെ മൊബൈൽ ആപ്ലിക്കേഷൻ വഴി വിവരങ്ങൾ ശേഖരിക്കും. സംശയനിവാരണത്തിന് ടോൾ ഫ്രീ ഹെല്പ് ലൈൻ നമ്പർ 1855 സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കലക്റ്റർ അനുകുമാരി, തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡെപ്യൂട്ടി ഡയറക്റ്റർ ഡോ. ആതിര തമ്പി എന്നിവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.