ഇ20 പെട്രോള്‍ ഉപയോഗിച്ചാല്‍ മൈലേജ് ആറ് ശതമാനം വരെ കുറയാമെന്ന് കേന്ദ്ര സര്‍ക്കാര്‍

നിതി ആയോഗ്, വാഹന നിര്‍മാതാക്കള്‍, എണ്ണ വിപണന കമ്പനികള്‍, തുടങ്ങിയ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചാണ് എഥനോള്‍ കലര്‍ന്ന പെട്രോള്‍ പദ്ധതി നടപ്പാക്കിയതെന്ന് നിതിൻ ഗഡ്കരി
Union Transport Minister Nitin Gadkari

കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

Updated on

ന്യൂഡല്‍ഹി: ഇരുപത് ശതമാനം എഥനോള്‍ കലര്‍ത്തിയ ഇ20 പെട്രോള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇന്ധനക്ഷമത (മൈലേജ്) വാഹനത്തിന്‍റെ വിഭാഗവും പഴക്കവും അനുസരിച്ച് രണ്ട് മുതല്‍ ആറ് ശതമാനം വരെ കുറയാമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയെ അറിയിച്ചു. എന്നാല്‍ ഇ20 ഇന്ധനം ഉപയോഗിച്ചതുമൂലം എന്‍ജിനുകള്‍ക്ക് തകരാര്‍ സംഭവിച്ചതായി പരിശോധനകളില്‍ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച ലോക്‌സഭയില്‍ രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇ10 പെട്രോളിനെ അപേക്ഷിച്ച് ഇ20 ഇന്ധനം മികച്ച ആക്‌സിലറേഷന്‍, മെച്ചപ്പെട്ട യാത്രാനുഭവം, ഏകദേശം 30 ശതമാനം വരെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറവ് എന്നിവ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇ20 ഇന്ധനത്തിന്‍റെ സ്വാധീനം വിലയിരുത്താന്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവ ചേര്‍ന്ന് ബിഎസ്-3, ബിഎസ്-4, ബിഎസ്-6 നിലവാരത്തിലുള്ള ഇരുചക്ര-നാലുചക്ര വാഹനങ്ങളില്‍ സംയുക്ത പഠനം നടത്തി. വാഹന നിര്‍മാതാക്കളുമായി ചേര്‍ന്ന് തയ്യാറാക്കിയ പ്രത്യേക പരിശോധനാ മാനദണ്ഡങ്ങളും സാധാരണ സര്‍ട്ടിഫിക്കേഷന്‍ പരിശോധനകളും ഉള്‍പ്പെടുത്തിയായിരുന്നു പഠനം. ഇതില്‍ ഇന്ധനക്ഷമതയില്‍ രണ്ട് മുതല്‍ ആറ് ശതമാനം വരെ കുറവ് രേഖപ്പെടുത്തിയെങ്കിലും, ഡൈനോമീറ്റര്‍ പരിശോധനകളിലോ റോഡ് പരിശോധനകളിലോ ഇ20 കാരണം എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും അടങ്ങിയ ഇ20 പെട്രോളിന്‍റെ വ്യാപക ഉപയോഗത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളും ചില ഉപഭോക്തൃ സംഘടനകളും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പഴയ വാഹനങ്ങള്‍ ഇ20-യുമായി പൂര്‍ണമായും പൊരുത്തപ്പെടുമോയെന്ന സംശയം, മൈലേജ് കുറയുമെന്ന ആശങ്ക, പരിപാലനച്ചെലവ് വര്‍ധിക്കുമെന്ന വിമര്‍ശനം, എന്‍ജിന്‍ അല്ലെങ്കില്‍ ഫ്യൂവല്‍ സിസ്റ്റത്തിന് പ്രശ്‌നമുണ്ടായാല്‍ ഉത്തരവാദിത്തം ആരുടേതെന്ന ചോദ്യങ്ങള്‍ എന്നിവയാണ് പ്രധാനമായും ഉയര്‍ന്നത്.

എന്നാല്‍ ശാസ്ത്രീയ പരിശോധനകളും ഘട്ടംഘട്ടമായ നടപ്പാക്കലുമാണ് ഇ20 പദ്ധതിക്ക് പിന്നിലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. ഇ20 ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് വാറന്‍റി സേവനങ്ങള്‍ തുടരുമെന്ന് വാഹന നിര്‍മാതാക്കളും വ്യക്തമാക്കിയിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു. നിതി ആയോഗ്, വാഹന നിര്‍മാതാക്കള്‍, എണ്ണ വിപണന കമ്പനികള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം തുടങ്ങിയ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചാണ് എഥനോള്‍ കലര്‍ന്ന പെട്രോള്‍ പദ്ധതി നടപ്പാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com