

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ ഇറക്കുമതി നടപടികൾ വേഗത്തിലാക്കുന്നതിനും വിതരണ ശൃംഖല കാര്യക്ഷമമാക്കുന്നതിനുമായി അംഗീകൃത ഇറക്കുമതി കേന്ദ്രങ്ങളുടെ ശൃംഖല വിപുലീകരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം മുന്നോട്ടുവച്ചു. ഇതിനായി രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോകൾ, പ്രത്യേക സാമ്പത്തിക മേഖല, അന്താരാഷ്ട്ര വിമാനത്താവളം എന്നിവ കൂടി പട്ടികയിൽ ഉൾപ്പെടുത്താനാണ് നീക്കം.
1945ലെ ഡ്രഗ്സ് ചട്ടങ്ങളിലെ റൂൾ 43എ ഭേദഗതി ചെയ്യുന്നതിനുള്ള നിർദേശത്തിലാണ് ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പുതിയ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. മന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹരിയാനയിലെ സോനിപത്ത്, പിയാല, ഹർസാരു, ഉത്തർപ്രദേശിലെ ദാദ്രി, ഗുജറാത്തിലെ ഗാന്ധിധാം, മുന്ദ്ര, ഹൈദരാബാദിലെ സനത് നഗർ, തിമ്മാപൂർ, ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലെ ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോകളാണ് പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശിച്ചിരിക്കുന്നത്.
കർണാടകയിലെ ബൊമ്മസാന്ദ്ര പ്രത്യേക സാമ്പത്തിക മേഖലയും ഉത്തർപ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളവും വ്യോമമാർഗമുള്ള മരുന്നുകളുടെ ഇറക്കുമതിക്കായി ഉൾപ്പെടുത്താനും നിർദേശമുണ്ട്.
ഇന്ത്യയിലേക്ക് മരുന്നുകൾ ഇറക്കുമതി ചെയ്യാവുന്ന അംഗീകൃത തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റെയ്ൽവേ സ്റ്റേഷനുകൾ, റോഡ് അതിർത്തി കവാടങ്ങൾ, മറ്റ് പ്രവേശന കേന്ദ്രങ്ങൾ എന്നിവയാണ് റൂൾ 43എ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്.
പുതിയ കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തുന്നതോടെ ഇറക്കുമതിക്കാർക്ക് ഉൽപാദന കേന്ദ്രങ്ങൾ, സംഭരണശാലകൾ, വിതരണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് സമീപത്തുതന്നെ ചരക്കുകൾക്ക് കസ്റ്റംസ് ക്ലിയറൻസ് നേടാനാകും. ഇത് ആഭ്യന്തര ഗതാഗത ദൂരം കുറയ്ക്കുന്നതിനും ലോജിസ്റ്റിക്സ് ചെലവ് നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്ന് മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇറക്കുമതി ചെയ്യുന്ന മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ നീക്കത്തിലുണ്ടാകുന്ന കാലതാമസം കുറയ്ക്കാനും രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇവയുടെ ലഭ്യത മെച്ചപ്പെടുത്താനും നിർദേശം ലക്ഷ്യമിടുന്നു.
മധ്യപ്രദേശിലെ ഇൻഡോറിലുള്ള ധന്നാദ്, തിഹി ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോകളും വിജ്ഞാപനം ചെയ്ത വിമാനത്താവളങ്ങളും നിലവിൽ അംഗീകൃത ഇറക്കുമതി കേന്ദ്രങ്ങളുടെ പട്ടികയിലുണ്ട്.
നിർദിഷ്ട ഭേദഗതിയിൽ ബന്ധപ്പെട്ടവരിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും മന്ത്രാലയം ക്ഷണിച്ചിട്ടുണ്ട്. ഇവ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിക്ക് (ഡ്രഗ്സ് റെഗുലേഷൻ) സമർപ്പിക്കാം.