

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
ഹൈദരാബാദ്: അമെരിക്ക സന്ദർശിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ യാത്രയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ ലണ്ടനിലുള്ള രേവന്ത് റെഡ്ഡി അമെരിക്ക സന്ദർശിച്ച ശേഷം ഓഗസ്റ്റ് 30ന് ഹൈദരാബാദിൽ തിരിച്ചെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിന്‍റെ അമെരിക്കൻ സന്ദർശനം റദ്ദാക്കേണ്ടിവന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
രാഷ്ട്രീയപരമായ അനുമതി നിഷേധിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചതിനെ തുടർന്നാണ് യാത്ര റദ്ദാക്കിയതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഇതേത്തുടർന്ന് അമെരിക്കയിലെ ബോസ്റ്റണിലേക്ക് പോകുന്നതിന് പകരം രേവന്ത് റെഡ്ഡി ഓഗസ്റ്റ് 23ന് ലണ്ടനിൽനിന്ന് ഹൈദരാബാദിലേക്ക് മടങ്ങുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.