അയോധ്യ രാമക്ഷേത്രത്തിൽ സിഇഒയെ നിയമിക്കുന്നു; അപേക്ഷ ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്

ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായോ ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതല വഹിച്ചോ പരിചയം ഉള്ളവർക്കായിരിക്കും മുൻഗണന
Ayodhya Ram Mandir

അയോധ‍്യ രാമക്ഷേത്രം

Updated on

അയോധ്യ: വിവാദങ്ങൾക്കിടെ അയോധ്യയിലെ രാമക്ഷേത്രത്തിന് ആദ്യമായി ചീഫ് എക്സിക്യുട്ടീവ് ഓഫീസറെ (സിഇഒ) നിയമിക്കുന്നു. ഇതുസംബന്ധിച്ച് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് തിങ്കളാഴ്ച അപേക്ഷ ക്ഷണിച്ചു. രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരി കൊള്ളവേയാണ് പുതിയ നീക്കം.

തുടക്കത്തിൽ മൂന്നു വർഷത്തെ കരാർ നിയമനമായിരിക്കും. പ്രകടനം തൃപ്തികരമാണെങ്കിൽ കരാർ നീട്ടി നൽകും. അയോധ്യയിലായിരിക്കും നിയമനം. ശമ്പളവും മറ്റു ആനുകൂല്യങ്ങളും നേരിട്ട് സംസാരിച്ച് നിശ്ചയിക്കുമെന്നും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിൽ പറയുന്നു. ജൂലൈ 18ന് വൈകിട്ട് നാലു വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. എക്സ് പോസ്റ്റിലൂടെയാണ് സിഇഒയെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ച വിവരം ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടത്.

സിഇഒ പദവിയിലേക്ക് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങളും ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം ഉണ്ടായിരിക്കണം. 50നും 70നും വയസിന് ഇടയിലായിരിക്കണം പ്രായം. വലിയ പൊതുസ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, കമ്പനികൾ എന്നിവയിൽ കുറഞ്ഞത് 20 വർഷത്തെ ഭരണപരിചയവും ഉണ്ടാവണം. ഭരണപരമായ കാര്യങ്ങൾ, സാമ്പത്തികം, അക്കൗണ്ടുകൾ, ജീവനക്കാരെ നിയമിക്കൽ, പബ്ലിക് റിലേഷൻസ്, സുരക്ഷ, നിയമകാര്യങ്ങൾ തുടങ്ങിയവ കാര്യങ്ങളിൽ പരിചയസമ്പത്ത് വേണം. ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായോ ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതല വഹിച്ചോ പരിചയം ഉള്ളവർക്കായിരിക്കും മുൻഗണന. അപേക്ഷകർക്ക് ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ മികച്ച പരിജ്ഞാനം ഉണ്ടായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com