

മട്ടൺ വിളമ്പുമെന്ന് വാക്കു നൽകിയിട്ട് ചിക്കൻ വിളമ്പി; വിവാഹവീട്ടിൽ തല്ല്, 12 പേർക്ക് പരുക്ക്
പറ്റ്ന: ആട്ടിറച്ചിക്കു പകരം കോഴിയിറച്ചി വിളമ്പിയതിന്‍റെ പേരിൽ വിവാഹവീട്ടിൽ സംഘർഷം. 12 പേർക്ക് പരുക്ക്. ബിഹാറിലെ സഹർസ ജില്ലയിലെ സിമ്രി ഭക്തിയാർപുർ നഗരത്തിലാണ് വ്യാഴാഴ്ച മൂന്നു മണിയോടെ വാക്കേറ്റമുണ്ടായത്. മുഹമ്മദ് അൻവറും മുഹമ്മദ് ജാവേസിന്‍റെ മകളും തമ്മിലുള്ള നിക്കാഹിനു വേണ്ടിയാണ് ഇരു വീട്ടുകാരും ഒത്തു കൂടിയത്. വിവാഹവിരുന്നിൽ ആട്ടിറച്ചി കൊണ്ടുള്ള വിഭവം വിളമ്പാമെന്ന് പെൺവീട്ടുകാർ വരന്‍റെ വീട്ടുകാർക്ക് വാഗ്ദാനം നൽകിയിരുന്നു.
എന്നാൽ വിളമ്പിയത് കോഴിയിറച്ചിയായിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമല്ല ഇരു വീട്ടുകാരും തമ്മിലുള്ള കൈയേറ്റത്തിൽ കലാശിച്ചത്.
വടി കൊണ്ടും ആയുധങ്ങൾ കൊണ്ടും പരസ്പരം ആക്രമിക്കുന്നതിന്‍റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പരുക്കേറ്റവരെ സിമ്രി ഭക്തിയാർപുർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തിയതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.