ലഡാക്കിലെ 28 സ്ഥലങ്ങൾക്ക് പേര് നൽകിയ ഇന്ത്യയുടെ നടപടി; എതിർപ്പുമായി ചൈന

ഒക്റ്റോബർ രണ്ടിനാണ് ലഡാക്കിലെ 28 തന്ത്രപ്രധാന സ്ഥലങ്ങൾക്കും ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കും ഇന്ത്യ ഔദ്യോഗികമായി പേരുകൾ നിശ്ചയിച്ചത്
China objects to India naming 28 locations in Ladakh.

ലഡാക്കിലെ 28 സ്ഥലങ്ങൾക്ക് പേര് നൽകിയ ഇന്ത്യയുടെ നടപടി; എതിർപ്പുമായി ചൈന

Updated on: 

ന്യൂഡൽഹി: ലഡാക്കിലെ 28 തന്ത്രപ്രധാന സ്ഥലങ്ങൾക്കും ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കും ഔദ്യോഗിക പേരുകൾ നൽകിയ ഇന്ത്യയുടെ നടപടിക്കെതിരേ ചൈന. ലഡാക്ക് എന്ന കേന്ദ്രഭരണപ്രദേശത്തെ അംഗീകരിച്ചിട്ടില്ലെന്നും പേരുകൾ നിശ്ചയിച്ച നടപടി നിയമവിരുദ്ധമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.

ഇന്ത്യ ഏകപക്ഷീയമായും നിയമവിരുദ്ധമായും സ്ഥാപിച്ച ലഡാക്ക് കേന്ദ്രഭരണപ്രദേശത്തെ ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്ത്യ പ്രഖ്യാപിച്ച ഔദ്യോഗിക പേരുകളെ ശക്തമായി എതിർക്കുന്നു. ഇന്ത്യയുടെ നടപടിക്ക് നിയമസാധുതയില്ലെന്നും ബന്ധപ്പെട്ട പ്രദേശങ്ങൾ ചൈനയുടേതാണെന്ന യാഥാർഥ്യം മാറ്റാൻ ഇതിലൂടെ കഴിയില്ലെന്നും മാവോ നിങ് വ്യക്തമാക്കി.

ഒക്റ്റോബർ രണ്ടിനാണ് ലഡാക്കിലെ 28 തന്ത്രപ്രധാന സ്ഥലങ്ങൾക്കും ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കും ഇന്ത്യ ഔദ്യോഗികമായി പേരുകൾ നിശ്ചയിച്ചത്. ഗോഗ്ര, ഹോട്ട് സ്പ്രിങ്സ് തുടങ്ങിയ യഥാർഥ നിയന്ത്രണരേഖയിലെ (എൽഎസി) പ്രധാന സംഘർഷ മേഖലകളും പട്ടികയിലുണ്ട്. ഔദ്യോഗിക ഭൂപടങ്ങളിൽ ഈ സ്ഥലങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതിനും അതിർത്തി മേഖലയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അവബോധം വർധിപ്പിക്കുന്നതിനുമാണ് നടപടി.

2020ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സൈനിക സംഘർഷത്തിനിടെ ഗോഗ്രയും ഹോട്ട് സ്പ്രിങ്സും പ്രധാന തർക്കമേഖലകളായിരുന്നു. എൽഎസിയിലെ ഇന്ത്യൻ സൈന്യത്തിന്‍റെ പട്രോളിങ്ങിലും ഈ സ്ഥലങ്ങൾക്ക് നിർണായക പ്രാധാന്യമുണ്ട്.

2020 മേയ് അഞ്ചിന് പാംഗോങ് തടാകമേഖലയിൽ ഇന്ത്യൻ-ചൈനീസ് സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലോടെയാണ് കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷം രൂക്ഷമായത്. 2022ൽ ഇരുരാജ്യങ്ങളും സൈനിക പിൻമാറ്റ നടപടികൾ ആരംഭിച്ചു.

അലിഷ ഗിരി, ബ്രാങ്സ, ചാപ്ചിങൽ ചുരം, കനിഷ്ക കൊടുമുടി, കരുണ്‍ പീർ മല, കുക്സെൽ, മാർത്താണ്ഡ ഗിരി, പർപിക് ഹിമാനി, സ്കാംരി ഹിമാനി, ഷാച്മിരിക് ചുരം, ഷ്കോർഗ താഴ്‌വര, സൊറാവർ കൊടുമുടി, ദേര കോമ്പസ്, ഡ്രാക് കാർപോ എന്നിവയാണ് ഇന്ത്യ പേര് നൽകിയ ചില സ്ഥലങ്ങൾ. ജോൾമോരി, കുമാരായണ പോയിന്‍റ്, പാങ്‌ലങ്, റിഞ്ചൻ സാങ്‌പോ, സാക്യശ്രീ ഗിരി, ഗുരു റിൻപോചെ, ഷാമൽ ലുങ്‌പ, യാങ്‌പ നദി, മാർപ ലോസാവ റി, മിലരേപ കാങ്‌രി, ശിവ റി, മഹേശ്വര റി എന്നിവയും ഈ പട്ടികയിൽ ഉൾപ്പെടുന്നു.

logo
Metro Vaartha
www.metrovaartha.com