സിജെപി പ്രതിഷേധക്കാർക്കെതിരായ എഫ്ഐആർ റദ്ദാക്കണം; കേന്ദ്രത്തിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് നാല് സംസ്ഥാനങ്ങൾ

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സംസ്ഥാനങ്ങളുടെ അപേക്ഷകൾ പരാമർശിച്ചത്
States approach the Supreme Court to quash FIRs against CJP protesters.

സിജെപി പ്രതിഷേധക്കാർക്കെതിരായ എഫ്ഐആർ റദ്ദാക്കാൻ  സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാനങ്ങൾ

Updated on

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ജൂലൈയിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര, അസം, പശ്ചിമ ബംഗാൾ, ബിഹാർ എന്നീ നാല് സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. പ്രതിഷേധക്കാർക്കെതിരായ കേസുകൾ അവസാനിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്‍റെ നീക്കത്തിന് പിന്നാലെയാണ് നാല് സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സംസ്ഥാനങ്ങളുടെ അപേക്ഷകൾ പരാമർശിച്ചത്. എഫ്ഐആറുകൾ റദ്ദാക്കേണ്ട സംസ്ഥാനങ്ങൾക്കായി നാല് പ്രത്യേക അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നും അവ ഒരുമിച്ച് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപേക്ഷകൾ ഒരുമിച്ച് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. എന്നാൽ അപേക്ഷകളിലെ പോരായ്മകൾ പരിഹരിച്ച് സമർപ്പിക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് നിർദേശിച്ചു.

ജൂലൈ 20 മുതൽ 25 വരെ ഡൽഹിയിലെ ജന്തർ മന്തർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 13 എഫ്ഐആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതേസമയം, പ്രതിഷേധത്തിൽ പങ്കെടുത്തതായി പ്രാഥമികമായി കണ്ടെത്തിയതും ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ളവരെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതുമായ 2,873 പേരെ ഉൾപ്പെടുത്തി പുതിയൊരു എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ് മുഖേനെ കേന്ദ്രം അനുമതി തേടിയിട്ടുണ്ട്. ഇവരുടെ വ്യക്തിഗത പങ്കാളിത്തം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായിരിക്കും പുതിയ കേസ്.

പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇനി പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള സുപ്രീം കോടതിയുടെ അസാധാരണ അധികാരം ഉപയോഗിച്ചാണ് 13 കേസുകൾ റദ്ദാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്.

logo
Metro Vaartha
www.metrovaartha.com