

അഭിജീത് ദീപ്കെ
ന്യൂഡൽഹി: മുത്തശ്ശിയുടെ മരണം അറിയിച്ചുകൊണ്ട് ഡൽഹി പൊലീസ് പങ്കുവച്ച വീഡിയോക്കെതിരേ സിജെപി സ്ഥാപകൻ അഭിജീത് ദീപികെ രംഗത്ത്. പലഭാഗങ്ങളും ഒഴിവാക്കി അവരുടെ പക്ഷം കാണിക്കാനായി എഡിറ്റ് ചെയ്ത വീഡിയോയാണിതെന്നാണ് അഭിജീത് ദീപ്കെ ആരോപിക്കുന്നത്. അഭിഭാഷകനോട് സംസാരിക്കാനായി ഫോൺ ചോദിച്ച ഭാഗം എന്തുകൊണ്ട് ഒഴിവാക്കിയെന്ന് അഭിജീത് ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് അഭിജീത്തിന്‍റെ പ്രതികരണം.
തന്‍റെ മുത്തശ്ശി മരിച്ചതറിഞ്ഞിട്ടും അറസ്റ്റിൽ ഒപ്പിടാൻ അവർ നിർബന്ധിച്ചു. അഭിഭാഷകനോട് സംസാരിക്കാൻ അനുവദിക്കുന്നത് വരെ താനത് വിസമ്മതിച്ചെന്നും അഭിജീത്ത് വീഡിയോയിൽ പറയുന്നു. ഡൽഹി പൊലീസിന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അഭിജീത് മറുപടി നൽകിയത്.
'കസിന്‍റെ നമ്പറിനായി എന്‍റെ ഫോൺ ചോദിച്ച ഭാഗവും, അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഭാഗവും നിങ്ങൾ എന്തുകൊണ്ടാണ് നീക്കം ചെയ്തത്?
സ്വന്തം അമ്മ നഷ്ടപ്പെട്ട സങ്കടത്തിൽ ഇരിക്കുന്ന എന്‍റെ അച്ഛനെ പുലർച്ചെ 3.30ന് വിളിച്ച്, ഞാൻ ഇനി ദീർഘകാലത്തേക്ക് ഞാൻ ജയിലിൽ ആയിരിക്കുമെന്ന് പറയാൻ ആവശ്യപ്പെട്ടു.
മുത്തശ്ശിയുടെ മരണവാർത്ത അറിയിച്ചതിന്‍റെയും വീട്ടിലെത്തിക്കാൻ വാഹനം വാഗ്ദാനം ചെയ്തതിന്‍റെയും പേരിൽ ഇപ്പോൾ ധാർമികതയുടെ മേൽവിലാസം അവകാശപ്പെടുന്ന അതേ ഡൽഹി പൊലീസ് തന്നെയാണ്, പുലർച്ചെ 3:30-ന് അറസ്റ്റ് രേഖകളുമായി വന്ന് അതിൽ ഒപ്പിടണമെന്ന് എന്നോട് ആവശ്യപ്പെട്ടത്. പുലർച്ചെ 3:30-ന് ആ മാനുഷികതയെല്ലാം എവിടെപ്പോയി?' എന്നാണ് അഭിജീത്ത് ചോദിക്കുന്നത്.