സിജെപി നേതാക്കളായ അഭിജീത്, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വിട്ടയച്ചു

ഞായറാഴ്ച ഡൽഹി കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് പിന്നാലെയാണ് വിട്ടയച്ചത്
Ashutosh Ranka, Sourav Das, Abhijit Dipke

അശുതോഷ് റങ്ക, സൗരവ് ദാസ്, അഭിജീത് ദിപ്കെ

Updated on: 

ന്യൂഡൽഹി: ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വിട്ടയച്ചു. പ്രത്യേക എക്സിക്യുട്ടീവ് മജിസ്ട്രേറ്റാണ് ഇവരെ വെറുതെ വിട്ടത്. ഞായറാഴ്ച രാവിലെ ഡൽഹി കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിൽ വച്ച് എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് പിന്നാലെയാണ് ഇവരെ വിട്ടയച്ചത്. സിജെപി നിയമവിഭാഗം മേധാവി അഡ്വ. രത്ന സിങ് ആണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.

ശനിയാഴ്ച ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഇവർ എത്തിയ വിമാനം ദേശീയ തലസ്ഥാനത്ത് ഇറങ്ങിയതിന് പിന്നാലെ ഡൽഹി പൊലീസ് വിമാനത്തിനകത്ത് വച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് കരുതൽ തടങ്കലിലാക്കുകയുമായിരുന്നു. തുടർന്ന് ഗുരുഗ്രാം, ഡൽഹി എന്നിവിടങ്ങളിലെ മൂന്ന് വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലേക്ക് ഇവരെ മാറ്റി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

സിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളായ ഇവരെ മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തതോടെ പ്രതിഷേധം നടന്നിരുന്നില്ല. പൊലീസ് കസ്റ്റഡിയിൽ ഏതാനും മണിക്കൂറുകൾ പിന്നിട്ടതോടെ അഭിജീത് സമരത്തിന്‍റെ ചുമതല സിജെപിയുടെ ദേശീയ കോർഡിനേറ്റർ ഇൻചാർജ് അജിങ്ക്യ ഷിൻഡെയ്ക്ക് കൈമാറുകയും ചെയ്തു. മുൻകൂട്ടി തയ്യാറാക്കിയ വീഡിയോയിലൂടെയാണ് അഭിജീത് ചുമതല കൈമാറിയത്. ഇതിനു പിന്നാലെ ഞായറാഴ്ചയും സമരത്തിന് അജിങ്ക്യ ഷിൻഡെ ആഹ്വാനം ചെയ്യുകയും ചെയ്തു.

ശനിയാഴ്ച പ്രതിഷേധക്കാരെ ജന്തർ മന്തറിലേക്ക് എത്തുന്നതിൽ നിന്ന് തടയാൻ പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധക്കാരുടെ നീക്കം പൊലീസ് തടയുകയും ചെയ്തു. 25,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുൾപ്പെടെ ഏഴായിരത്തോളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com