

അശുതോഷ് റങ്കയും സൗരവ് ദാസും
ന‍്യൂഡൽഹി: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ അതിക്രമിച്ച് കയറിയതിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ട സിജെപി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ്, എന്നിവർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
തങ്ങളുടെ കസ്റ്റഡി കാലാവധി 2 ദിവസം കൂടി നീട്ടികൊണ്ടുള്ള മജിസ്ട്രേറ്റ് ഉത്തരവിനെതിരേയാണ് നേതാക്കൾ കോടതിയെ സമീപിച്ചത്. അഭിഭാഷകാനായ അഭിക് ചിംനിയാണ് നേതാക്കൾക്ക് വേണ്ടി ഹർജി സമർപ്പിച്ചത്. ഒക്റ്റോബർ 13നാണ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കൊപ്പം സിജെപി നേതാവ് അജിങ്ക‍്യ ഷിൻഡെയെയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് സ്വന്തം ജാമ‍്യത്തിലും 5,000 രൂപയുടെ ആൾജാമ‍്യത്തിലും വിട്ടയയ്ക്കുകയായിരുന്നു. ജന്തർമന്തറിലെ നിയന്ത്രണങ്ങൾ മറികടന്നെന്ന പേരിലായിരുന്നു നടപടി.