

സിജെപി മാർച്ച്; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ മാർച്ച് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. സെപ്റ്റംബർ അഞ്ചിന് ഇന്ത്യാ ഗേറ്റിൽ നിന്ന് ജയ് സിങ് മാർഗിലുള്ള ഡൽഹി പൊലീസ് ആസ്ഥാനത്തേക്കാണ് മാർച്ച്. അതേസമയം മാർച്ചിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
ജന്തർ മന്തറിനും സമീപ പ്രദേശങ്ങളിലും ഡൽഹി പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി. കൂടുതൽ പൊലീസുകാരെ വിന്യസിക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. മാർച്ചിന് അനുമതി തേടിക്കൊണ്ട് സിജെപി ഇതുവരെ അപേക്ഷ നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മാർച്ച് നടത്തുമെന്നാണ് സിജെപി വ്യക്തമാക്കിയിരിക്കുന്നത്. അനുമതിയില്ലാതെ മാർച്ച് നടത്തുകയാണെങ്കിൽ പൊലീസ് തടഞ്ഞേക്കും.
രാജ്യതലസ്ഥാനത്ത് ബ്രിക്സ് ഉച്ചകോടി നടക്കാൻ പോകുന്ന പശ്ചാത്തലത്തിൽ ക്രമസമാധാനത്തിന്‍റെ കാര്യത്തിൽ പൊലീസ് വിട്ടുവീഴ്ച ചെയ്യില്ല. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ന്യൂഡൽഹി ജില്ലയ്ക്ക് പുറമെ സെൻട്രൽ ഡൽഹിയിലും സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തന്ത്രപ്രധാനമായ മേഖലകളിൽ പൊലീസിനെ വിന്യസിച്ചു. മാർച്ചിന് മുൻപായി കൂടുതൽ സുരക്ഷാക്രമീകരണങ്ങളിലേക്ക് പൊലീസ് കടക്കുമെന്നാണ് സൂചന. സെപ്റ്റംബർ 12, 13 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടി.