

യുവാക്കളുടെ ആവശ‍്യങ്ങൾ നേരിട്ടറിയാൻ രാജ‍്യവ‍്യാപക പര‍്യടനം നടത്താനൊരുങ്ങി സിജെപി
മുംബൈ: നീറ്റ് ചോദ‍്യപേപ്പർ ക്രമക്കേടിൽ പ്രതിഷേധിച്ച് രാജ‍്യതലസ്ഥാനത്ത് നടത്തിയ സമരം വലിയ വിജയമായതോടെ അടുത്ത നീക്കവുമായി കോക്റോച്ച് ജനതാ പാർട്ടി. യുവാക്കളുടെ അഭിപ്രായങ്ങളും ആവശ‍്യങ്ങളും നേരിട്ടറിയുന്നതിനായി രാജ‍്യവ‍്യാപക പര‍്യടനം നടത്താനാണ് സിജെപിയുടെ പദ്ധതി.
ഇതിനായി ഓഗസ്റ്റ് 5,6 തീയതികളിൽ മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന യോഗം ചേരുമെന്ന് പാർട്ടി അറിയിച്ചു. സിജെപി സ്ഥാപക നേതാവ് അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.
ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത വോളന്‍റിയർമാർ അടക്കമുള്ളവരോട് ചർച്ച നടത്തിയ ശേഷമാണ് സിജെപി ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചിരിക്കുന്നത്. പര‍്യടനത്തിന്‍റെ സമയക്രമം സംബന്ധിച്ച വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും.