സിജെപി പ്രതിഷേധം; ഡൽഹിയിൽ 17 മെട്രൊ സ്റ്റേഷനുകൾ മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു

പ്രധാന സമര വേദിയായ ജന്തർ മന്ദറിലേക്ക് പ്രതിഷേധക്കാർ എത്തുന്നത് തടയാനാണ് മെട്രൊ സ്റ്റേഷനുകൾ അടച്ചിടുന്നത്
Delhi Metro

ഡൽഹി മെട്രൊ

Updated on

ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്തെ 17 മെട്രൊ സ്റ്റേഷനുകൾ വെള്ളിയാഴ്ചയും അടഞ്ഞുകിടക്കുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് മെട്രൊ സ്റ്റേഷനുകൾ അടച്ചിടുന്നത്.

ലോക് കല്യാൺ മാർഗ്, രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക്, രാമകൃഷ്ണ ആശ്രമ മാർഗ്, ബാരഖംബ റോഡ്, സുപ്രീം കോടതി, സേവാ തീർഥ്, ജൻപഥ്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ്, ഐടിഒ, ഡൽഹി ഗേറ്റ്, ഇന്ദ്രപ്രസ്ഥ, ഖാൻ മാർക്കറ്റ്, ജോർ ബാഗ്, ശിവാജി സ്റ്റേഡിയം, ഝണ്ഡേവാലൻ എന്നീ 17 സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്. അതേസമയം, രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് സ്റ്റേഷനുകളിലെ ഇന്‍റർചേഞ്ച് (ലൈൻ മാറ്റാനുള്ള) സൗകര്യം യാത്രക്കാർക്കായി തുടരുമെന്നും ഡൽഹി മെട്രൊ റെയ്‌ൽ കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.

സമരത്തിന്‍റെ പശ്ചാത്തലത്തിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും മെട്രൊ സ്റ്റേഷനുകൾ അടച്ചിട്ടിരുന്നു. പ്രധാന സമര വേദിയായ ജന്തർ മന്ദറിലേക്ക് പ്രതിഷേധക്കാർ എത്തുന്നത് തടയാനാണ് മെട്രൊ സ്റ്റേഷനുകൾ അടച്ചിടുന്നത്. തുടർച്ചയായ മൂന്നാം ദിവസവും സർവീസ് തടസപ്പെട്ടത് ഓഫീസ് ജീവനക്കാർക്കും വിദ്യാർഥികൾക്കും മറ്റു യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതിനിടെ മെട്രൊ സ്റ്റേഷനുകൾ അടച്ചതുമൂലം അഭിഭാഷകർക്കും മറ്റും സുപ്രീം കോടതിയിൽ എത്താൻ പ്രയാസമുണ്ടാകുന്നതായി ചൂണ്ടിക്കാട്ടി സുപ്രീം കോടതി ബാർ അസോസിയേഷൻ ബുധനാഴ്ച പരമോന്നത കോടതിയെ സമീപിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com