"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

സെപ്റ്റംബർ അഞ്ചിന് രാജ്യവ്യാപകമായി സമാധാനപരമായ സമരം നടത്തുമെന്നാണ് വാർത്താകുറിപ്പിൽ സിജിപി അറിയിച്ചത്
cjp protest september 5

 അഭിജീത് ദിപ്കെ

Updated on

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ് സിജെപി സമരത്തിന് ആഹ്വാനം ചെയ്തത്. സെപ്റ്റംബർ അഞ്ചിന് രാജ്യവ്യാപകമായി സമാധാനപരമായ സമരം നടത്തുമെന്നാണ് വാർത്താകുറിപ്പിൽ സിജിപി അറിയിച്ചത്. ഇന്ത്യാ ഗേറ്റിൽ ആരംഭിക്കുന്ന സമരം തുടർന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് നീങ്ങും.

സിജെപി വർക്കിങ് കമ്മിറ്റി യോഗത്തിലാണ് സമരം വീണ്ടും തുടങ്ങാൻ തീരുമാനമെടുത്തത്. രാജ്യത്തെ യുവാക്കൾക്കു നൽകിയ വാഗ്ദാനങ്ങളിൽ കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും നടത്തിയ പുരോഗതി വിലയിരുത്തിയശേഷമായിരുന്നു തീരുമാനം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ ജന്തർ മന്തറിൽ സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നിരവധി വാഗ്ദാനങ്ങളാണ് നൽകിയത്. എന്നാൽ ഒരുമാസമായിട്ടും വാഗ്ദാനങ്ങൾ നടപ്പാക്കാതെ വൈകിപ്പിക്കുന്നതിൽ സിജെപിക്ക് ആശങ്കയുണ്ട്.

വിദ്യാർഥി പ്രക്ഷോഭത്തിനെതിരേ റജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ പട്ടിക സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനു കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. കേന്ദ്ര സർക്കാർ സിജെപിക്ക് എഴുതി തയാറാക്കി നൽകിയ വാക്കുകളും പാലിച്ചിട്ടില്ല. തങ്ങളുടെ ക്ഷമയെ ദൗർബല്യമായി കണക്കാക്കരുത്. സർക്കാരിൽ അർപ്പിച്ച വിശ്വാസത്തെ രാജ്യത്തെ യുവാക്കളെ വഞ്ചിക്കാനുള്ള അവസരമായി മാറ്റിയെടുക്കാൻ അനുവദിക്കില്ലെന്നും സിജെപി പത്രക്കുറിപ്പിൽ പറഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെയും പൊലീസ് ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥികളുടെയും കുടുംബങ്ങൾ ഉൾപ്പടെയുള്ളവർ സമരത്തിൽ പങ്കാളികളാവുമെന്ന് സിജെപി വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com