

ലഡാക്കിൽ മേഘവിസ്ഫോടനം (പ്രതീകാത്മക ചിത്രം)
കാർഗിൽ: ലഡാക്കിലെ കാർഗിൽ മേഖലയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. കാർഗിലിലെ ഹർദാസ്, തുമൈൽ ഗ്രാമങ്ങളിലാണ് മിന്നൽ പ്രളയം ഉണ്ടായത്.
റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർന്നു. ഇതേ തുടർന്ന് പലയിടങ്ങളിലും ഗതാഗത തടസം നേരിടുകയാണ്. സൈന്യം, പൊലീസ്, സിവിൽ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ തിങ്കളാഴ്ച അറിയിച്ചു.
ഞായറാഴ്ച വൈകീട്ടാണ് കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയമുണ്ടായത്. നിരവധി വീടുകളിൽ വെള്ളം കയറി. ഹർദാസിലെ ഗുണ്ട് മേഖലയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് റോഡ് ബന്ധം പൂർണമായും തകരുകയും നിരവധി പേർ ഒറ്റപ്പെടുകയും ചെയ്തു.
മിനാമാർഗിലെ മീന-രണ്ട് പ്രദേശത്ത് നടന്ന മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയവും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. ഏകദേശം 20 പേർ താമസിച്ചിരുന്ന ബേക്കർവാൾ വിഭാഗക്കാരുടെ നാല് താൽക്കാലിക താമസകേന്ദ്രങ്ങൾ തകർന്നതായി പൊലീസ് അറിയിച്ചു. ആളപായമില്ല. മണ്ണിടിച്ചിലിനെ തുടർന്ന് ദ്രാസ്–ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.
കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകരുതെന്ന് വിനോദസഞ്ചാരികൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി. ദ്രാസ് ഡെപ്യൂട്ടി കമ്മിഷണർ ഇംതിയാസ് കാചോ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.