

മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ചെന്നൈ: അധികാരമേറ്റതിനു പിന്നാലെ തമിഴ്നാട്ടിൽ സമഗ്ര മാറ്റത്തിന് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. തമിഴ്നാട് സർക്കാരിന്‍റെ കീഴിലുള്ള മദ്യവിൽപനാ കേന്ദ്രമായ ടാസ്മാകിന്‍റെ 717 ഔട്ട്‍ലറ്റുകൾ പൂട്ടാൻ ഉത്തരവിറക്കി.
ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ വിൽപന ശാലകളാണ് അടയ്ക്കുക. 500 മീറ്റർ ദൂരപരിധിയിലുള്ള കടകൾക്കാണ് പൂട്ട് വീഴുക. നിശ്ചിത പരിധിക്കുള്ളിലെ 4,765 കടകളിൽ നടത്തിയ സമഗ്ര പരിശോധനയ്ക്ക് ശേഷമാണ് നടപടി.
ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 വിൽപന ശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 വിൽപന ശാലകളും, ബസ് സ്റ്റേഷനുകൾക്ക് സമീപമുള്ള 255 വിൽപന ശാലകളും അടക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.