

'തായ്മാമൻ തങ്കമോതിരം': കുഞ്ഞി കൈയിൽ സ്വർണ മോതിരം അണിയിച്ച് വിജയ്
മധുര: തമിഴ്നാട് സർക്കാരിന്‍റെ തായ്മാമൻ തങ്കമോതിരം പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി സി. ജോസഫ് വിജയ് മധുരയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജാജി സർക്കാർ ആശുപത്രിയിലാണ് ഉദ്ഘാടനം ചടങ്ങ് നടന്നത്. കേരളത്തിലെ കമ്പനികളായ ജോയ് ആലുക്കാസ്, കല്യാൺ ഗ്രൂപ്പുകൾ പദ്ധതിയുടെ ഭാഗമാണ്.
സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണമോതിരം നൽകുന്ന പദ്ധതിയാണിത്. ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഇത്. അമ്മമാരുടെ മടിയിലിരിക്കുന്ന കുഞ്ഞുങ്ങളുടെ കൈയിൽ മുട്ടുകുത്തിനിന്ന് മോതിരം ഇടുവിക്കുന്ന വിജയ്‌യുടെ ദൃശ്യങ്ങൾ ഇതിനകം സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
ഈ വർഷം ജൂൺ 22 നുശേഷം ജനിച്ച കുട്ടികൾക്കാണ് ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണമോതിരം ലഭിക്കുക. ജൂൺ 22 മുതൽ സെപ്റ്റംബർ 22-വരെ ജനിച്ച കുട്ടികൾക്ക് 107 കേന്ദ്രങ്ങൾ വഴി മോതിരം വിതരണംചെയ്യും. തിങ്കളാഴ്ച മുതൽ ജനിക്കുന്ന കുട്ടികൾക്ക് ആശുപത്രി വിടുമ്പോൾ മോതിരം ലഭിക്കും.