

പാറ്റയെ പേടിച്ചോ? കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചു
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ഒരുങ്ങിയ ആക്ഷേപ ഹാസ്യ മുന്നണിയായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം നടന്നതായി റിപ്പോർട്ടുകൾ.
അക്കൗണ്ട് തുറക്കുമ്പോൾ കാണിക്കുന്ന പോപ്പ് - അപ്പ് സന്ദേശത്തിന്‍റെ ചിത്രം ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ഇക്കാര്യം അറിയിച്ചത്. പ്രതീക്ഷിച്ചതുപോലെ ഇന്ത്യയിൽ അക്കൗണ്ട് മരവിപ്പിച്ചു എന്നാണ് അദ്ദേഹം കുറിച്ചത്.
ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്‍റെ എണ്ണം ബിജെപിയുടേതിനെ മറികടന്നതിനു പിന്നാലെയാണ് അക്കൗണ്ട് പൂട്ടിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് തൊഴിൽരഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ചതിനു പിന്നാലെയാണ് പ്രതിഷേധ സൂചകമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) രൂപം കൊണ്ടത്.
തുടർന്ന്, നീറ്റ് പരീക്ഷാ ക്രമക്കേടും, മുൻ ജഡ്ജിമാരെ രാജ്യസഭാ അംഗങ്ങളാക്കുന്നതും അടക്കമുള്ള വിഷയങ്ങളിൽ ഇവർ സമൂഹ മാധ്യമങ്ങളിലൂടെ ഇടപെടൽ നടത്തിയിരുന്നു.