യുഎസിലെ ജോലി വേണ്ടെന്നുവച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ ഇന്ത്യയിലേക്ക് | Video
AI generated summary, newsroom reviewed
ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാ വിവാദങ്ങളിൽ രാജ്യം മുഴുവൻ കടുത്ത പ്രതിഷേധമുയരുമ്പോൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കടുത്ത സമരപ്രഖ്യാപനവുമായി 'കോക്രോച്ച് ജനതാ പാർട്ടി' (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ. നിലവിൽ അമെരിക്കയിൽ ഉപരിപഠനം നടത്തുന്ന 30 വയസുകാരനായ അഭിജീത് ദിപ്കെ, തനിക്ക് അവിടെ ലഭിച്ച വൻ തൊഴിലവസരങ്ങൾ നിരസിച്ച് മാതൃരാജ്യത്തിനായി പോരാടാൻ തിരിച്ചുവരുന്നു എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂൺ 6-ന് ശനിയാഴ്ച രാവിലെ താൻ ഡൽഹിയിൽ വിമാനമിറങ്ങുമെന്നും, തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തണമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) ദിപ്കെ അനുയായികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഈ പരിഹാസ രാഷ്ട്രീയ കൂട്ടായ്മ രൂപീകരിച്ച ശേഷം ആദ്യമായാണ് ദിപ്കെ ഇന്ത്യയിലേക്ക് വരുന്നത്.
ഇന്ത്യയിൽ തിരിച്ചെത്തിയ ഉടൻ തന്നെ അനുയായികൾക്കൊപ്പം പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തി ഡൽഹിയിലെ ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിക്കാൻ അനുമതി തേടുമെന്ന് ദിപ്കെ വ്യക്തമാക്കി.
"ചോദ്യപേപ്പർ ചോർച്ച കാരണം നീറ്റ് പരീക്ഷ എഴുതിയ നിരവധി കുട്ടികൾ ആത്മഹത്യ ചെയ്യേണ്ടി വന്നു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ കഠിനാധ്വാനമാണ് പാഴായിപ്പോയത്. ഇതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം. ഇതിനായി നാമെല്ലാവരും ഇന്ത്യൻ ഭരണഘടനയുടെ വഴിയിലൂടെ ഒന്നിച്ച് അണിനിരക്കേണ്ട സമയമായിരിക്കുന്നു. ഒന്നിച്ച് ശബ്ദമുയർത്തിയാൽ ഭരണകൂടത്തിന് അത് കേൾക്കേണ്ടി വരും," വീഡിയോ സന്ദേശത്തിൽ ദിപ്കെ പറഞ്ഞു.
ഇന്ത്യയിൽ കാലുകുത്തുമ്പോൾ തന്നെ താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഭയപ്പെടുന്നുണ്ടെന്ന് ദിപ്കെ വെളിപ്പെടുത്തി. എങ്കിലും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും സമാധാനപരമായി പ്രതിഷേധിക്കാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധിജി, അംബേദ്കർ, ഭഗത് സിങ്, നെഹ്റു എന്നിവരുടെ വലിയ ആരാധകനാണ് താനെന്നും ഭരണഘടനയിലാണ് തന്‍റെ വിശ്വാസമെന്നും ദിപ്കെ ഓർമിപ്പിച്ചു. ജയിലിൽ പോകേണ്ടി വരുമെന്ന ഭയത്തിൽ എത്രകാലം ജീവിക്കുമെന്നും, രാജ്യത്തിന്‍റെ ഭാവിക്ക് വേണ്ടി എല്ലാ 'കോക്രോച്ചുകളും' ഒന്നിച്ച് അണിനിരക്കണമെന്നും ദിപ്കെ ആഹ്വാനം ചെയ്തു.
ആരാണ് അഭിജീത് ദിപ്കെ?
പബ്ലിക് റിലേഷൻസ് പ്രൊഫഷണലും പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റുമായ ദിപ്കെ പൂനെയിൽ നിന്ന് ജേണലിസത്തിൽ ബിരുദം നേടിയിട്ടുണ്ട്. തുടർന്ന് അമെരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദവും നേടി. മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ഇന്‍റേൺ ആയി പ്രവർത്തിച്ചിരുന്നു. 2020-ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആപ്പിന്‍റെ മീം ക്യാംപെയ്നുകളിൽ പ്രധാന പങ്കുവഹിച്ചിരുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത ചെറുപ്പക്കാരെ പാറ്റകൾ എന്നു വിശേഷിപ്പിച്ചതിന്‍റെ പ്രതിഷേധസൂചകമായാണ് 'കോക്രോച്ച് ജനതാ പാർട്ടി' എന്ന ആശയത്തിന്‍റെ തുടക്കം.
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, തന്നെ 'ദേശീയ സുരക്ഷാ ഭീഷണി'യായി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ദിപ്കെ ആരോപിച്ചു. തന്‍റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിനുള്ള 2.3 കോടി ഫോളോവേഴ്സിൽ 95 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണെന്നും അതിൽ ഭൂരിഭാഗവും ജെൻ സീ (Gen Z) വിഭാഗത്തിൽപ്പെട്ടവരാണെന്നും അനലിറ്റിക്സ് രേഖകൾ പങ്കുവെച്ചുകൊണ്ട് ദിപ്കെ അവകാശപ്പെട്ടു.
ആശങ്കയോടെ മാതാപിതാക്കൾ
അതേസമയം, അഭിജീത് ദിപ്കെ ഇന്ത്യയിൽ തിരിച്ചെത്തുന്നതിലും രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിലും മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ താമസിക്കുന്ന മാതാപിതാക്കൾക്ക് കടുത്ത ആശങ്കയുണ്ട്. മകൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെ താൻ പിന്തുണയ്ക്കില്ലെന്നും അവൻ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ദിപ്കെയുടെ മാതാവ് അനിത ദിപ്കെ.
പ്രശസ്തിക്കു പിന്നാലെ മകൻ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭയത്താൽ കഴിഞ്ഞ രണ്ട് ദിവസമായി തങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് അച്ഛൻ ഭഗവാൻ ദിപ്കെയും വ്യക്തമാക്കി. കുടുംബത്തിന്‍റെ സുരക്ഷ ഉറപ്പാക്കുമെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചിട്ടുണ്ടെന്ന് ദിപ്കെ പറഞ്ഞു.
ആക്ഷേപഹാസ്യ രൂപേണ തുടങ്ങിയ ഓൺലൈൻ കൂട്ടായ്മയെ കേവലം ഒരു മീം പേജായി ഒതുക്കാതെ, യഥാർഥത്തിലുള്ള ഒരു രാഷ്ട്രീയ മുന്നേറ്റമായി മാറ്റാനാണ് ഇന്ത്യൻ യുവാക്കൾ ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും അതിനായുള്ള ചർച്ചകൾ നടക്കുകയാണെന്നും ദിപ്കെ കൂട്ടിച്ചേർത്തു.
