

രാഹുൽ ഗാന്ധിക്കെതിരേ കേസെടുത്ത് യുപി പൊലീസ്
വാരണാസി: അയോധ്യ രാമക്ഷേത്ര കൊള്ളയുടെ വിഷയത്തിൽ പാർലമെന്‍റിൽ നടത്തിയ പ്രതിഷേധത്തിനിടെ സനാതന ധർമത്തെ ആക്ഷേപിച്ചുവെന്ന പരാതിയെ തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കം മൂന്ന് എംപിമാർക്കെതിരേ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. പപ്പു യാദവ്, അവദേഷ് പ്രസാദ് എന്നിവരാണ് കേസിൽ ഉൾപ്പെട്ട മറ്റു രണ്ട് എംപിമാർ. ശനിയാഴ്ച വാരണാസി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ബിഹാറിലെ പൂർണിയ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംപിയാണ് പപ്പു യാദവ് എന്നറിയപ്പെടുന്ന രാജേഷ് രഞ്ജൻ. ഉത്തർപ്രദേശിലെ ഫൈസാബാദ് മണ്ഡലത്തിൽ നിന്നുള്ള സമാജ്‌വാദി പാർട്ടിയുടെ എംപിയാണ് അവദേഷ് പ്രസാദ്. കോട്ട്‌വാലി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് കാശി മേഖല ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് ഗൗരവ് ബൻസ്‌വാൽ പറഞ്ഞു.
വെള്ളിയാഴ്ച അയോധ്യ രാമക്ഷേത്ര കൊള്ള വിഷയത്തിൽ പപ്പു യാദവിന്‍റെ നേതൃത്വത്തിൽ പാർലമെന്‍റിൽ പ്രതിപക്ഷം വേറിട്ട പ്രതിഷേധം നടത്തിയിരുന്നു. പാർലമെന്‍റിന് മുൻപിൽ സജ്ജമാക്കിയ കാണിക്കപ്പെട്ടിയിൽ പ്രതിപക്ഷ എംപിമാർ പണം നിക്ഷേപിക്കുകയും പപ്പു യാദവ് അത് കൈക്കലാക്കുകയും ചെയ്യുന്നതായിരുന്നു പ്രതിഷേധം. രാമക്ഷേത്ര കൊള്ളയുടെ പ്രതീകാത്മകമായാണ് പ്രതിപക്ഷം ഇത്തരമൊരു പ്രതിഷേധം നടത്തിയത്. എന്നാൽ പ്രതിഷേധത്തിലൂടെ രാഹുൽ ഗാന്ധിയും മറ്റുള്ളവരും സനാതന ധർമത്തെ ആക്ഷേപിച്ചുവെന്ന പരാതി ഉയരുകയായിരുന്നു. ജഗത്ഗുരു ബാലക് ദാസിന്‍റെ നേതൃത്വത്തിലാണ് പരാതി നൽകിയത്.