

സമരത്തിൽ നിന്നും
ന‍്യൂഡൽഹി: രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ നടക്കുന്ന സമരത്തിനിടെ ഡൽഹി പൊലീസും സിഎപിഎഫ്( സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ്) ഉദ‍്യോഗസ്ഥരും സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ദേശീയ മനുഷ‍്യാവകാശ കമ്മിഷൻ, ദേശീയ വനിതാ കമ്മിഷൻ, ഡൽഹി പൊലീസ് എന്നിവർക്ക് പരാതി നൽകി.
സിആർപിഎഫ് ഉദ‍്യോഗസ്ഥനായ രാഹുൽ സോളങ്കിയാണ് പരാതി നൽകിയത്. ഉദ‍്യോഗസ്ഥർ സ്ത്രീകളോട് മോശമായി പെരുമാറുന്ന സോഷ‍്യൽ മീഡിയയിലെ മൂന്ന് വിഡിയോയുടെ ലിങ്കുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
വിഡിയോയെ പറ്റി നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ഫൊറൻസിക് പരിശോധന നടത്തണമെന്നുമാണ് അദ്ദേഹത്തിന്‍റെ ആവശ‍്യം. ആരോപണങ്ങൾ തെളിയിക്കപ്പെടുന്ന പക്ഷം ഉത്തരവാദികളായവർക്കെതിരേ ഉചിതമായ നിയമനടപടിയും വകുപ്പുതല നടപടിയും സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
വനിതാ പ്രതിഷേധക്കാരെ കൈകാര‍്യം ചെയ്യുന്നതിൽ താഴെത്തട്ടിൽ വിന‍്യസിച്ചിരിക്കുന്ന പൊലീസ് ഉദ‍്യോഗസ്ഥർക്ക് ഉചിതമായ നിർദേശങ്ങളും ലിംഗസമത്വത്തെ പറ്റി ബോധവത്കരണ പരിശീലനവും നൽകണമെന്ന് സോളങ്കി ആവശ‍്യപ്പെട്ടു.
മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ‍്യപ്പെട്ടും എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചുമാണ് കോക്രോച്ച് ജനതാ പാർട്ടി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ദിവസങ്ങളായി സമരം നടത്തുന്നത്. സിജെപി നേതാക്കളായ അശുതോഷ് രങ്ക, സൗരവ് ദാസ്, അജിങ്ക‍്യ ഷിൻഡെ അടക്കമുള്ള നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.