

ചില്ലറ നൽകാത്തതിന്‍റെ പേരിൽ ബസിൽ നിന്ന് മന്ത്രിയെ ഇറക്കിവിട്ട സംഭവം; കണ്ടക്റ്റർക്ക് സസ്പെൻഷൻ
ബംഗളൂരു: ബസ് ടിക്കറ്റ് എടുക്കാൻ ചില്ലറ നൽകാത്തതിന്‍റെ പേരിൽ കർണാടക മന്ത്രി ബൈരതി സുരേഷിനോട് ബസിൽ നിന്ന് ഇറങ്ങിപ്പോവാൻ ആവശ്യപ്പെട്ട് കണ്ടക്റ്റർക്ക് സസ്പെൻഷൻ. കെംപെഗൗഡ ബസ് സ്റ്റേഷനിൽ നിന്ന് നാഗഷെട്ടിഹള്ളിയിലേക്ക് സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനായ രാമകൃഷ്ണ ടി.ജി. എന്ന ജീവനക്കാരനെയാണ് ബംഗളൂരു മെട്രൊ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് (ബിഎംടിസി) സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച ഹെബ്ബാൾ ബസ് സ്റ്റാൻഡിൽ നിന്ന് മന്ത്രി ബസിൽ കയറിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. ബിഎംടിസി ബസിൽ രഹസ്യ പരിശോധനയ്ക്കെത്തിയ മന്ത്രി ബൈരാതി സുരേഷിനോട് കണ്ടക്റ്റർ ബസിൽ നിന്ന് ഇറങ്ങിപ്പോവാൻ ആവശ്യപ്പെട്ടത്. ടിക്കറ്റ് എടുത്തപ്പോൾ ചില്ലറയില്ലെന്ന് പറഞ്ഞതോടെയായിരുന്നു കണ്ടക്റ്ററുടെ പ്രതികരണം. മാസ്ക് ധരിച്ചതിനാൽ മന്ത്രിയെ കണ്ടക്റ്റർ തിരിച്ചറിഞ്ഞില്ല.
രണ്ട് ടിക്കറ്റ് ആവശ്യപ്പെട്ട് മന്ത്രി 100 രൂപ നൽകിയതാണ് കണ്ടക്റ്ററെ ചൊടിപ്പിച്ചത്. മന്ത്രിയെ തിരിച്ചറിയാതെ പോയ കണ്ടക്റ്റർ ചില്ലറ നൽകാൻ ആവശ്യപ്പെട്ടെങ്കിലും മന്ത്രി തന്‍റെ കൈയിൽ ഇല്ലെന്ന് പറഞ്ഞതോടെ ചില്ലറ നൽകാൻ കഴിയില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ മന്ത്രി മറുപടി നൽകാതെ ബസിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.