ശിവസേന (യുബിടി) സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ടതിനു പിന്നാലെ മഹാ വികാസ് അഘാഡിയിൽ ഭിന്നത രൂക്ഷം

തർക്കം തുടരുന്ന മൂന്നു സീറ്റുകളിൽ ഉദ്ധവ് വിഭാഗം ഏകപക്ഷീയമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത് കോൺഗ്രസിനെ ചൊടിപ്പിച്ചു.
ഉദ്ധവ് താക്കറെ
ഉദ്ധവ് താക്കറെ

മുംബൈ: ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേന (യുബിടി) ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കിയതോടെ മഹാരാഷ്‌ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി (എംവിഎ)യിൽ ഭിന്നത രൂക്ഷം. തർക്കം തുടരുന്ന മൂന്നു സീറ്റുകളിൽ ഉദ്ധവ് വിഭാഗം ഏകപക്ഷീയമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത് കോൺഗ്രസിനെ ചൊടിപ്പിച്ചു. ശിവസേന (യുബിടി) മുന്നണി മര്യാദ ലംഘിച്ചെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം തുറന്നടിച്ചു. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) സഖ്യത്തിൽ നിന്നു പിന്മാറി എട്ടു സീറ്റുകളിൽ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് കോൺഗ്രസ്, ശിവസേനാ തർക്കം.

മുംബൈ നോർത്ത് വെസ്റ്റ്, സാംഗ്ലി, ഭിവണ്ടി സീറ്റുകളിലാണ് ഉദ്ധവ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം മത്സരിക്കാനിരുന്ന സീറ്റാണ് മുംബൈ നോർത്ത് വെസ്റ്റ്. കോൺഗ്രസ് ശക്തികേന്ദ്രമായ ഭിവണ്ടിക്കുവേണ്ടി ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപിയും അവകാശമുന്നയിച്ചിട്ടുണ്ട്. അണിയറ ചർച്ചകൾ തുടരുന്നതിനിടെയാണ് ഉദ്ധവ് താക്കറെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

തീരുമാനം പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് നേതാവ് ബാലാസാഹിബ് തൊറാട്ട് ആവശ്യപ്പെട്ടു. ഹൈക്കമാൻഡ് ഇടപെടണമെന്നു സഞ്ജയ് നിരുപം അഭ്യർഥിച്ചു. എന്നാൽ, ഈ സീറ്റുകൾ വിട്ടുകൊടുക്കാനാവില്ലെന്ന കടുംപിടിത്തത്തിലാണ് ശിവസേന. തീരുമാനം മാറ്റിയില്ലെങ്കിൽ കോൺഗ്രസ് സൗഹൃദ മത്സരത്തിന് ഒരുങ്ങിയേക്കുമെന്നാണു റിപ്പോർട്ട്. ചില സീറ്റുകളിൽ സൗഹൃദ മത്സരത്തിന് ശരദ് പവാർ വിഭാഗം എൻസിപിയും ആലോചിക്കുന്നുണ്ട്.

സീറ്റ് ചർച്ച പരാജയപ്പെട്ടതോടെയാണ് വിബിഎ സഖ്യത്തിൽ നിന്നു പിന്മാറിയത്. 16 സീറ്റുകൾ ആവശ്യപ്പെട്ട വിബിഎയ്ക്ക് പരമാവധി നാലു സീറ്റുകളേ നൽകാനാകൂ എന്നായിരുന്നു ഇതരകക്ഷികളുടെ നിലപാട്. ഇതോടെ, എട്ടു സീറ്റുകളിൽ വിബിഎ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

Trending

No stories found.

Latest News

No stories found.