

അയോധ്യ രാമക്ഷേത്ര കൊള്ളയിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ്. വിഷയത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
സംഭവത്തിൽ അന്വേഷണം നടത്തുന്ന എസ്ഐടിയുടെ റിപ്പോർട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്ന് കോൺഗ്രസ് വക്താവ് രാഗിണി നായക് ചോദിച്ചു. ആരെയാണ് അവർ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. രാമക്ഷേത്രത്തിന്‍റെ മുഴുവൻ ക്രെഡിറ്റും നരേന്ദ്രമോദി സ്വന്തമാക്കി. എന്നാൽ ഇപ്പോൾ സംഭാവന കൊള്ള വന്നപ്പോൾ അദ്ദേഹം മൗനം പാലിക്കുന്നു. അദ്ദേഹം ക്രെഡിറ്റ് എടുത്തിട്ടുണ്ടെങ്കിൽ അതിന്‍റെ ഉത്തരവാദിത്വം കാണിക്കണം. ഇത് ജനങ്ങളുടെ വിശ്വാസത്തോടുള്ള ചതിയാണെന്നും രാഗിണി നായക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാമജന്മഭൂമി ട്രസ്റ്റ് ഉടൻ പിരിച്ചുവിടണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യമെന്ന് രാഗിണി നായക് പറഞ്ഞു. ട്രസ്റ്റിന്‍റെ പ്രവർത്തനങ്ങളും ധനകാര്യ ഇടപാടുകളും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം. ക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ് രൂപീകരിക്കുന്നതിനു മുൻപ് സംഭാവനയായി സമാഹരിച്ച 1400 കോടി രൂപയുടെ കണക്ക് പരസ്യമാക്കണം. വിഷയത്തിൽ തുടരുന്ന മൗനം വെടിയാൻ മോദി തയ്യാറാവണമെന്നും രാഗിണി നായക് വ്യക്തമാക്കി.
ക്രമക്കേടിനു പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിന്‍റെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച ചമ്പത് റായിക്കെതിരെ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നില്ലെന്നും കോൺഗ്രസ് വക്താവ് ചോദിച്ചു. ചമ്പത് റായിക്ക് ഇപ്പോഴും സർക്കാരിന്‍റെ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും രാഗിണി നായക് കുറ്റപ്പെടുത്തി.