

അയോധ്യയിലെ രാമക്ഷേത്രം
ഗോരഖ്പൂർ: അയോധ്യയ്ക്കെതിരേ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും വ്യാജപ്രചാരണം നടത്തുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് പൈതൃക സംരക്ഷണത്തിന്‍റെയും വികസനത്തിന്‍റെയും ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ തുടർന്നാൽ ഇരു പ്രതിപക്ഷ പാർട്ടികളുടെയും രാഷ്ട്രീയ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗോരഖ്പൂരിലെ ജംഗിൾ ടിങ്കോണിയയിൽ വൻ ടാംഗിയ സമൂഹത്തിനായി സംഘടിപ്പിച്ച ദീപാവലി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യയുടെ വികസനത്തിലും സംസ്ഥാനത്ത് പുരോഗമിക്കുന്ന അടിസ്ഥാനസൗകര്യ പദ്ധതികളിലും പ്രതിപക്ഷ പാർട്ടികൾ അസ്വസ്ഥരാണ്. ഭീതി കാരണം അയോധ്യയെ അപകീർത്തിപ്പെടുത്തുകയാണ് ചിലർ. അയോധ്യയ്ക്കെതിരേ അവർ വ്യാജ പ്രചാരണം നടത്തുന്നു. നിലവിലെ രീതിയിൽ പൈതൃക, വികസന പദ്ധതികൾ മുന്നോട്ടുപോവുകയാണെങ്കിൽ സമാജ്‌വാദി പാർട്ടിയുടെയും കോൺഗ്രസിന്‍റെയും രാഷ്ട്രീയം എന്നന്നേക്കുമായി അവസാനിക്കുമെന്ന് അവർക്ക് അറിയാമെന്നും യോഗി പറഞ്ഞു.
വൻ ടാംഗിയ സമൂഹത്തിനായി 82 കോടിയിലധികം രൂപയുടെ 52 വികസന പദ്ധതികൾക്ക് മുഖ്യമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 2017ന് മുൻപ് ഈ സമൂഹം വലിയ ദുരിതങ്ങളാണ് നേരിട്ടിരുന്നതെന്ന് യോഗി പറഞ്ഞു. വൻ ടാംഗിയ ഗ്രാമങ്ങളിൽ റോഡ്, വൈദ്യുതി, കുടിവെള്ളം, റേഷൻ കാർഡ്, സ്കൂൾ, ആരോഗ്യപരിരക്ഷ, പെൻഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയപ്പോൾ രാജ്യം മുഴുവൻ ദീപാവലി ആഘോഷിച്ചു. എന്നാൽ ആദ്യം ബ്രിട്ടീഷുകാരും പിന്നീട് കോൺഗ്രസും അതിനുശേഷം സമാജ്‌വാദി പാർട്ടിയും നിങ്ങളെയും നിങ്ങളുടെ പൂർവികരെയും നൂറിലധികം വർഷം ഈ വനങ്ങളിൽ അലഞ്ഞുതിരിയാൻ വിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിൽ 56 വൻ ടാംഗിയ ഗ്രാമങ്ങളുണ്ടെന്നും അവിടത്തെ ജനങ്ങൾക്ക് പതിറ്റാണ്ടുകളോളം അടിസ്ഥാന സൗകര്യങ്ങളും ഔദ്യോഗിക അംഗീകാരവും ലഭിച്ചിരുന്നില്ലെന്നും യോഗി ചൂണ്ടിക്കാട്ടി.
2017ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ സ്ഥിതിഗതികൾ മാറിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ന് ഗ്രാമങ്ങളിൽ മികച്ച റോഡുകളും വീടുകളും റേഷൻ കാർഡുകളും സ്കൂളുകളും ആയുഷ്മാൻ കാർഡുകളും ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെടുന്ന പ്രതിപക്ഷവും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര പ്രസ്ഥാനത്തെ പരാമർശിച്ച മുഖ്യമന്ത്രി, ക്ഷേത്രനിർമാണത്തെ എതിർക്കുകയും ഭക്തർ അയോധ്യയിലെത്തുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തവരാണ് ഇപ്പോൾ പുണ്യനഗരത്തിനെതിരേ വ്യാജപ്രചാരണം നടത്തുന്നതെന്നും ആരോപിച്ചു.
ബിജെപി സർക്കാരിന് കീഴിൽ അയോധ്യയിലെ റോഡുകൾ, വൈദ്യുതി, വിമാനത്താവളം, റെയ്ൽവേ കണക്ടിവിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ വേഗത്തിലായെന്നും അദ്ദേഹം പറഞ്ഞു.
2024 ജനുവരിയിലാണ് അയോധ്യയിൽ രാമക്ഷേത്രം നിലവിൽ വന്നത്. ഇതിനു പിന്നാലെ രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി വിശ്വാസികളാണ് അയോധ്യയിലേക്ക് എത്തുന്നത്. ബിജെപി അവരുടെ പ്രധാന സമകാലിക രാഷ്ട്രീയ നേട്ടങ്ങളിലൊന്നായി ഉയർത്തിക്കാട്ടുന്നതാണ് അയോധ്യയിലെ രാമക്ഷേത്രം.