കാന്തിലാൽ ഭൂരിയ.
കാന്തിലാൽ ഭൂരിയ.

അധികാരത്തിലേറിയാൽ 2 ഭാര്യമാർ ഉള്ളവർക്ക് 2 ലക്ഷം രൂപ വീതം നൽകും; വിവാദമായി കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രസ്താവന

ബിജെപി വക്താവ് നരേന്ദ്ര സലൂജ, കോൺഗ്രസ് നേതാവിനെതിരേ നടപടിയെടുക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

രത്‌ലം: പാർട്ടി അധികാരത്തിലെത്തിയാല്‍ രണ്ടു ഭാര്യമാരുള്ളവർക്കു രണ്ടു ലക്ഷം രൂപ ലഭിക്കുമെന്നു മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കാന്തിലാൽ ഭൂരിയ. മധ്യപ്രദേശിലെ രത്‌ലം മണ്ഡലത്തിൽ സ്ഥാനാർഥി കൂടിയായ ഭൂരിയ തെരഞ്ഞെടുപ്പു റാലിയിലാണ് വിവാദ പരാമർശം നടത്തിയത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ, ഞങ്ങളുടെ പ്രകടനപത്രികയിൽ പറയുന്നത് പോലെ, ഓരോ സ്ത്രീക്കും ഒരു ലക്ഷം രൂപ ലഭിക്കും. ഓരോ വീട്ടിലെയും സ്ത്രീക്ക് ഒരു ലക്ഷം രൂപ കിട്ടും. രണ്ടു ഭാര്യമാരുള്ളവർക്ക് രണ്ടു ലക്ഷം കിട്ടും- ഭൂരിയ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടനപത്രികയിൽ ദരിദ്ര വിഭാഗങ്ങൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ നൽകുന്ന "മഹാലക്ഷ്‌മി സ്‌കീം' നടപ്പാക്കുമെന്ന വാഗ്‌ദാനമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഭൂരിയയുടെ പ്രഖ്യാപനം.

ഭൂരിയയുടെ പ്രസംഗം സമൂഹമാധ്യമത്തിൽ പങ്കുവച്ച മധ്യപ്രദേശ് ബിജെപി വക്താവ് നരേന്ദ്ര സലൂജ, കോൺഗ്രസ് നേതാവിനെതിരേ നടപടിയെടുക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ഒന്നിലധികം വിവാഹം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതാണു കോൺഗ്രസ് നയമെന്നു ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലയും പ്രതികരിച്ചു. അതുവഴി വോട്ട് കൂട്ടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം.

സ്ത്രീകളെ ഉപഭോഗവസ്തുവായാണ് കോൺഗ്രസ് പരിഗണിക്കുന്നതെന്നും നാല് ഭാര്യമാരുണ്ടെങ്കിൽ എത്ര കിട്ടുമെന്നു നിങ്ങൾക്ക് സ്വയം കണക്കാക്കാമെന്നും പൂനാവാല പറഞ്ഞു.