കർണാടകത്തിൽ ഭാരത് ജോഡോ യാത്രയുമായി കോൺഗ്രസ്; ലക്ഷ്യം നഷ്ടപ്പെട്ട മണ്ഡലങ്ങൾ തിരിച്ചുപിടിക്കൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ ജ്ഞാനേഷ് കുമാർ ഭരണഘടനാ സ്ഥാപനങ്ങൾക്ക് ഉണ്ടാക്കുന്ന കോട്ടങ്ങളെക്കുറിച്ച് യാത്രയിൽ ബോധവത്കരണം നടത്തും
Congress with Bharat Jodo Yatra in Karnataka

കർണാടകത്തിൽ ഭാരത് ജോഡോ യാത്രയുമായി കോൺഗ്രസ്

Updated on: 

ബെംഗളൂരു: കർണാടകത്തിൽ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് നടത്താനൊരുങ്ങി കോൺഗ്രസ്. 2023 നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നഷ്ടപ്പെട്ട 84 മണ്ഡലങ്ങളിലൂടെയാണ് പദയാത്ര നടത്തുക. സെപ്റ്റംബർ 30ന് ശിവമോഗ ജില്ലയിലെ ശിക്കാരിപുരയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ബി.കെ. ഹരിപ്രസാദ് തിങ്കളാഴ്ച അറിയിച്ചു.

എല്ലാ ദിവസവും പൊതുസമ്മേളനത്തോടെയാകും പദയാത്ര അവസാനിക്കുക. യാത്രയുടെ ഉദ്ഘാടനത്തിൽ ശിവമോഗ ജില്ലയിൽ നിന്നുള്ള മന്ത്രിമാരും കോൺഗ്രസ് നേതാക്കളും പങ്കെടുക്കും. സമീർ അഹമ്മദ് ഖാൻ, ബി.എൽ. ശങ്കർ, മധു ബംഗാരപ്പ എന്നിവർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കർണാടകത്തിൽ ബിജെപിയുടെ ശക്തികേന്ദ്രമാണ് ശിക്കാരിപുര. ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്രയാണ് സിറ്റിങ് എംഎൽഎ. വിജയേന്ദ്രയ്ക്ക് മുൻപ് അദ്ദേഹത്തിന്‍റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നത്. വിജയേന്ദ്രയുടെ മൂത്ത സഹോദരനായ ബി.വൈ. രാഘവേന്ദ്രയാണ് ശിവമോഗ എംപി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ ജ്ഞാനേഷ് കുമാർ ഭരണഘടനാ സ്ഥാപനങ്ങൾക്ക് ഉണ്ടാക്കുന്ന കോട്ടങ്ങളെക്കുറിച്ച് യാത്രയിൽ ബോധവത്കരണം നടത്തുമെന്ന് ഹരിപ്രസാദ് പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലൂടെയും യാത്ര നടത്തി കഴിഞ്ഞ ശേഷം സമാപന സമ്മേളനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സമാപന സമ്മേളനത്തിന്‍റെ വേദിയോ പാർട്ടി കേന്ദ്ര നേതൃത്വത്തിൽ ഏതെങ്കിലും മുതിർന്ന നേതാക്കൾ പങ്കെടുക്കുമോയെന്ന കാര്യവും ഹരിപ്രസാദ് വെളിപ്പെടുത്തിയില്ല.

കർണാടകത്തിൽ 31 ജില്ലകളിലായി 224 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. ഇതിൽ 135 മണ്ഡലങ്ങളിലാണ് കോൺഗ്രസ് ജയിച്ചത്.

logo
Metro Vaartha
www.metrovaartha.com