

ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം; ബെംഗളൂരുവിലെ ബിജെപി ഓഫിസിലേക്ക് പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്
file
ബെംഗളൂരു: നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് ബെംഗളൂരുവിലെ ബിജെപി ഓഫിസിന് പുറത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. കോക്റോച്ച് ജനതാ പാർട്ടി രാജ‍്യതലസ്ഥാനത്ത് നടത്തുന്ന സമരത്തിന് പിന്തുണ നൽകികൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടയുകയും കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വയ്ക്കുകയും ചെയ്തു.
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എസ്. മനോഹറിന്‍റെ നേതൃത്വത്തിൽ മല്ലേശ്വരത്തുള്ള കോൺഗ്രസ് ഓഫിസിൽ നിന്നുമാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. ബാനറുകളും പോസ്റ്ററുകളും ഏന്തിയാണ് പ്രതിഷേധം നടത്തിയത്. കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനെ പിരിച്ചുവിടണമെന്നുമാണ് ആവശ‍്യം. നീറ്റ് ക്രമക്കേടും ചോദ‍്യപേപ്പർ ചോർച്ചയും രാജ‍്യത്തെ വിദ‍്യാഭ‍്യാസ സമ്പ്രദായത്തിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് വിദ‍്യാർഥികളുടെ കഠിനാധ്വാനത്തെയാണ് ഇത് ദുർബലപ്പെടുത്തിയതെന്നും മനോഹർ കൂട്ടിച്ചേർത്തു. ഇതിന് ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതിനു പകരം കേന്ദ്രം ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നതെന്നും മനോഹർ ആരോപിച്ചു. ധർമേന്ദ്ര പ്രധാനെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്നും സംഭവത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്നും മനോഹർ ആവശ‍്യപ്പെട്ടു.
നീറ്റ് ക്രമക്കേടിൽ സുതാര‍്യമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് കർശന നടപടി സ്വീകരിക്കണമെന്നും രാജ‍്യത്തെ വിദ‍്യാർഥികളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്രം അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മനോഹർ പറഞ്ഞു. നീറ്റ് ക്രമക്കേട് മൂലം ദുരിതം അനുഭവിച്ച വിദ‍്യാർഥികളെയും അവരുടെ കുടുംബത്തെയും കണ്ട് നരേന്ദ്രമോദി മാപ്പ് ചോദിക്കണമെന്ന് താൻ അപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ തന്നെ പ്രക്ഷോഭം തുടരാനാണ് കോൺഗ്രസിന്‍റെ നീക്കം.