

സർക്കാർ ജീവനക്കാരുടെ ലിവ്- ഇൻ പങ്കാളിയെ കുടുംബ പെൻഷനിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണം; കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: സർക്കാർ ജീവനക്കാരുടെ ലിവ്- ഇൻ പങ്കാളികളെ ഫാമിലി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെ പരിഗണിക്കണമെന്ന് കേന്ദ്രത്തോട് നിർദേശിച്ച് ഡൽഹി ഹൈക്കോടതി. നാൽപ്പത് വർഷമായി ലിവ്-ഇൻ പങ്കാളിയായി തുടരുന്നയാളെയും കുട്ടികളെയും പെൻഷനിലും ആരോഗ്യപരിരക്ഷാ പദ്ധതികളിലും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് വിരമിച്ച സർക്കാർ ജീവനക്കാരൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം.
ജസ്റ്റിസ്മാരായ നവീൻ ചൗള, മധു ജെയിൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നിർദേശം. ഹർജിക്കാരൻ ഒരിക്കലും തന്‍റെ ലിവ്- ഇൻ ബന്ധത്തെ മറച്ചു വയ്ക്കാൻ ശ്രമിച്ചിട്ടില്ല. പങ്കാളിയെയും കുട്ടികളെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളുടെ പേരിൽ വിരമിച്ചതിനു ശേഷമുള്ള ആനുകൂല്യങ്ങൾ ഹർജിക്കാരന് നൽകാതിരിക്കുന്നത് മോശം പ്രവണതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹർജിക്കാരന്‍റെ മാസ പെൻഷനിൽ 50 ശതമാനവും പിടിച്ചു വയ്ക്കുന്നതിന്‍റെ കാരണം മനസിലാകുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരനു നൽകാനുള്ള കുടിശിക തുക വർഷത്തിൽ ആറു ശതമാനം പലിശയുൾപ്പെടെ എത്രയും പെട്ടെന്ന് നൽകാനും കോടതി ഉത്തരവിട്ടു.
ഭാര്യ വിവാഹമോചനത്തിന് സമ്മതിക്കാഞ്ഞതിനാൽ 1983 മുതൽ ഹർജിക്കാരൻ ലിവ് -ഇൻ ബന്ധത്തിലാണ്. ആ ബന്ധത്തിൽ രണ്ട് മക്കളുമുണ്ട്.