മണ്ഡല പുനർനിർണയം; എട്ട് മാസം കൊണ്ട് സ്റ്റാലിനെയും ശരദ് പവാറിനെയും ബിജെപി സ്വന്തം പാളയത്തിൽ എത്തിച്ചത് എങ്ങനെ? പിന്നിലെ രാഷ്ട്രീയ കഥ അറിയാം

മോദി സർക്കാരിന്‍റെ 12 വർഷത്തെ ഭരണത്തിനിടെ പാർലമെന്‍റിൽ ഒരു സർക്കാർ ബിൽ ആദ്യമായി പരാജയപ്പെടാൻ കാരണമായ പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ ബില്ലിനെ പിന്തുണയ്ക്കാനൊരുങ്ങുകയാണ്
M.K. Stalin, Sharad Pawar

എം.കെ. സ്റ്റാലിൻ, ശരദ് പവാർ

Updated on: 

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിൽ തിങ്കളാഴ്ച മണ്ഡല പുനർനിർണയം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കാനിരിക്കുകയാണ്. ഈ വർഷം ഏപ്രിലിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടാതെ 54 വോട്ടുകൾക്ക് പരാജയപ്പെട്ട ബിൽ ഇത്തവണ പാസാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇനി ഏതാനും മണിക്കൂറുകൾക്കകം ബിൽ ലോക്സഭയിൽ എത്താനിരിക്കെ പരാജയപ്പെടുത്താനുള്ള ഭൂരിപക്ഷം ഉറപ്പാക്കാനുള്ള അതിതീവ്ര ശ്രമത്തിലാണ് പ്രതിപക്ഷം. ഡിഎംകെ, എൻസിപി (എസ്പി) എന്നീ പാർട്ടികളാണ് ഇതിൽ നിർണായകം. ബിൽ പാസാകുമെന്ന ശുഭാപ്തി വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്ന ബിജെപി എട്ട് മാസം കൊണ്ട് എങ്ങനെയാണ് പ്രതിപക്ഷത്തുള്ള ഈ രണ്ട് പാർട്ടികളെയും സ്വന്തം പാളയത്തിൽ എത്തിച്ചതെന്ന രാഷ്ട്രീയ കഥ അറിയാം.

മോദി സർക്കാരിന്‍റെ 12 വർഷത്തെ ഭരണത്തിനിടെ പാർലമെന്‍റിൽ ഒരു സർക്കാർ ബിൽ ആദ്യമായി പരാജയപ്പെടാൻ കാരണമായ പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ ബില്ലിനെ പിന്തുണയ്ക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ ഒരു വർഷം മുൻപ് തന്നെ ഡിഎംകെയുമായി സർക്കാർ ആശയവിനിമയം ആരംഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ ഡിഎംകെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. ലോക്സഭയിൽ തമിഴ്നാടിന്‍റെ വിഹിതം സംബന്ധിച്ച ഡിഎംകെയുടെ ആശങ്ക പരിഗണിക്കാൻ തയ്യാറാണെന്ന് മധ്യസ്ഥർ മുഖേനെ സർക്കാർ അറിയിച്ചിരുന്നു. ഏപ്രിലിൽ ബിൽ അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ ഈ ഓഫർ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ബില്ലിനെ പിന്തുണയ്ക്കുന്നത് വഴി തെരഞ്ഞെടുപ്പിൽ നൽകേണ്ടി വരുന്ന രാഷ്ട്രീയവിലയ്ക്ക് പാർട്ടി അപ്പോൾ സജ്ജമായിരുന്നില്ല. ഫെബ്രുവരിയിൽ മണ്ഡല പുനർനിർണയത്തിനെതിരേ അന്നത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. ഏപ്രിൽ 16ന് കേന്ദ്ര സർക്കാരിന്‍റെ ബില്ലിന്‍റെ പകർപ്പ് കത്തിച്ച് അദ്ദേഹം പ്രതിഷേധിക്കുകയും അതിനെ 'കരിനിയമം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

എട്ട് മാസത്തിനിടെ സംഭവിച്ചത് എന്ത്?

തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യവും നിയമസഭാ തെരഞ്ഞെടുപ്പ് ഫലവുമാണ് ഇതിൽ പ്രധാനമായത്. പരമ്പരാഗത എതിരാളിയായ എഐഎഡിഎംകെയോടല്ല, നടൻ സി. ജോസഫ് വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടിവികെ) എന്ന പുതിയ പാർട്ടിയോടാണ് ഡിഎംകെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്.

പരാജയത്തിൽ നിന്ന് കരകയറാൻ ഡിഎംകെ ശ്രമിക്കുന്നതിനിടെ, തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായിരുന്ന കോൺഗ്രസ് മുന്നണി വിട്ടു. വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിൽ പങ്കാളിയാകാൻ കോൺഗ്രസ് തീരുമാനിക്കുകയും രണ്ട് മന്ത്രിസ്ഥാനങ്ങൾ നേടുകയും ചെയ്തു. 59 വർഷത്തിനുശേഷമാണ് തമിഴ്നാട്ടിൽ കോൺഗ്രസിന് അധികാരത്തിൽ പങ്കാളിത്തം ലഭിക്കുന്നത്.

ഈ നീക്കം ഡിഎംകെയെ ചൊടിപ്പിച്ചു. കോൺഗ്രസുമായും ഇന്ത്യ മുന്നണിയുമായുമുള്ള ബന്ധം അവസാനിപ്പിച്ച ഡിഎംകെ, ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങളിൽ നിന്ന് തങ്ങളുടെ എംപിമാരെ മാറ്റി ഇരുത്തണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്തയക്കുകയും ചെയ്തു. ഈ രാഷ്ട്രീയ സാഹചര്യം ബിജെപി മുതലെടുക്കുകയായിരുന്നു.

വെള്ളിയാഴ്ച ബില്ലുകളിൽ മാറ്റങ്ങൾ വരുത്തിയുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം ഈ നീക്കങ്ങൾക്ക് അന്തിമരൂപം നൽകി. ഡിഎംകെയുടെ പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. തമിഴ്നാട് ഉൾപ്പെടെ ഓരോ സംസ്ഥാനത്തിന്‍റെയും നിലവിലെ ലോക്സഭാ സീറ്റ് അനുപാതം നിലനിർത്തിക്കൊണ്ട് സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുക എന്നതായിരുന്നു ആദ്യ ആവശ്യം. വർധിപ്പിച്ച സീറ്റുകളുടെ എണ്ണം പിന്നീട് 2051 വരെ, അതായത് അടുത്ത 25 വർഷത്തേക്ക്, മരവിപ്പിക്കണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. ഈ വ്യവസ്ഥകൾ രേഖാമൂലം ഉറപ്പാക്കിയതോടെയാണ് ഡിഎംകെ നിലപാട് മാറ്റി ബില്ലുകളെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്.

മഹാരാഷ്ട്രയിലെ എൻസിപി (എസ്പി)യുടെ കാര്യത്തിലും സമാനമായ രാഷ്ട്രീയ നീക്കങ്ങളാണ് ബിജെപി നടത്തിയത്. ശരദ് പവാറിന്‍റെ അനന്തരവൻ അജിത് പവാറിനെ സർക്കാരിൽ ഉൾപ്പെടുത്തിയതിലൂടെ എൻസിപിയെ പിളർത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി, ഇപ്പോൾ ശരദ് പവാറിന്‍റെ വിഭാഗത്തിന്‍റെ പിന്തുണ മണ്ഡല പുനർനിർണയ വിഷയത്തിൽ നേടിയിരിക്കുകയാണ്.

എൻസിപിയുടെ രണ്ട് വിഭാഗങ്ങളെയും ലയിപ്പിച്ച് പുതിയ പാർട്ടിയാക്കി എൻഡിഎയിൽ എത്തിക്കാനും ബിജെപി ശ്രമിച്ചിരുന്നു. എന്നാൽ അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറും മകൻ പാർഥ് പവാറും ലയനത്തെ അനുകൂലിക്കാത്തതിനാൽ നീക്കം വിജയിച്ചില്ല. ഇതിനിടെ ശരദ് പവാറുമായുള്ള ചർച്ചകൾ ബിജെപി തുടർന്നു. മൺസൂൺ സമ്മേളനത്തിനിടെ പാർലമെന്‍റ് മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശരദ് പവാർ കൂടിക്കാഴ്ച നടത്തി. പാർട്ടിയുടെ എട്ട് ലോക്സഭാ എംപിമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഓഗസ്റ്റ് 10ന് നടന്ന കൂടിക്കാഴ്ചയുടെ ഔദ്യോഗിക അജണ്ട മഹാരാഷ്ട്രയിലെ വരൾച്ചാ സാഹചര്യം ചർച്ച ചെയ്യലായിരുന്നെങ്കിലും മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ ഉറപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ ശ്രമത്തിന്‍റെ ഭാഗമായും കൂടിക്കാഴ്ച വിലയിരുത്തപ്പെട്ടു. എൻസിപി (എസ്പി)യെ എൻഡിഎയിലെത്തിക്കാനും സുപ്രിയ സുലെയ്ക്ക് കേന്ദ്രമന്ത്രിസഭയിൽ സ്ഥാനം നൽകാനുമുള്ള നീക്കങ്ങളുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

ഈ കൂടിക്കാഴ്ചകൾക്ക് പുറമേ, ഡിഎംകെയുടെയും എൻസിപി (എസ്പി)യുടെയും എതിർപ്പ് കുറയ്ക്കുന്ന മറ്റ് നടപടികളും മൺസൂൺ സമ്മേളനത്തിനിടെ കേന്ദ്ര സർക്കാർ സ്വീകരിച്ചു. വിവാദമായ നാല് ബില്ലുകൾ പാസാക്കാതെ മാറ്റിവച്ചു. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബിൽ, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വികിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ, 30 ദിവസം ജയിലിൽ കഴിയുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ, സന്നദ്ധ സംഘടനകളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതി ബിൽ എന്നിവയായിരുന്നു ഈ ബില്ലുകൾ. ഈ ബില്ലുകളെയെല്ലാം ഡിഎംകെയും എൻസിപിയും (എസ്‌പി) എതിർത്തിരുന്നു. രാഷ്ട്രീയ ഒത്തുതീർപ്പിന്‍റെ ഭാഗമായാണ് സർക്കാർ ഈ ബില്ലുകൾ മാറ്റിവച്ചതെന്നും പകരം മണ്ഡല പുനർനിർണയത്തിൽ ഇരു പാർട്ടികളുടെയും പിന്തുണ തേടിയെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം.