റോൾസ് റോയ്സിൽ എത്തിയതിന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയ്ക്കെതിരേ ട്രോൾ വർഷം; പിന്തുണയുമായി കങ്കണ റണാവത്ത്

രാഷ്ട്രീയത്തിൽ പൊതുസേവനത്തിനായി എത്തുന്നവർക്ക് സ്വന്തം കരിയറും ജീവിതവും ജനപ്രീതിയും ഉണ്ടെന്ന് കങ്കണ
Kangana Ranaut, Maithili Thakur

കങ്കണ റണാവത്ത്, മൈഥിലി ഠാക്കൂർ

Updated on

മുംബൈ: റോൾസ് റോയ്സ് കള്ളിനൻ ആഡംബര കാറിൽ മുംബൈയിലെ ലാൽബാഗ്ചാ രാജ ഗണേശ പന്തലിലെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നേരിട്ട ഗായികയും ബിഹാർ എംഎൽഎയുമായ മൈഥിലി ഠാക്കൂറിന് പിന്തുണയുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. രാഷ്ട്രീയക്കാർ ആഡംബര ജീവിതം നയിക്കുന്നത് കാണുമ്പോൾ ചിലർക്ക് എന്തിനാണ് അസ്വസ്ഥതയെന്ന് കങ്കണ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് മൈഥിലി ഠാക്കൂർ നീല നിറത്തിലുള്ള റോൾസ് റോയ്സ് കള്ളിനനിൽ ലാൽബാഗ്ചാ രാജ പന്തലിലെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 13 കോടി രൂപയിലധികം വില വരുന്നതാണ് റോൾസ് റോയ്സ് കള്ളിനൻ. എംഎൽഎയായതിന് പിന്നാലെ ഇത്ര വിലയേറിയ വാഹനം സ്വന്തമാക്കിയത് എങ്ങനെയെന്നായിരുന്നു ചിലരുടെ ചോദ്യം. വിഷയത്തിൽ മൈഥിലിക്കെതിരേ ട്രോൾ വർഷം രൂക്ഷമായതോടെയാണ് പിന്തുണയുമായി കങ്കണ റണാവത്ത് രംഗത്തെത്തിയത്.

രാഷ്ട്രീയത്തിൽ പൊതുസേവനത്തിനായി എത്തുന്നവർക്ക് സ്വന്തം കരിയറും ജീവിതവും ജനപ്രീതിയും ഉണ്ടെന്ന് കങ്കണ പറഞ്ഞു. “ജനക്ഷേമത്തിനായി നിസ്വാർത്ഥമായി പ്രവർത്തിക്കുമ്പോഴും ഞങ്ങൾ നല്ല ജീവിതം നയിക്കുന്നത് ചിലർക്ക് എന്തിനാണ് ബുദ്ധിമുട്ടാകുന്നത്? നമുക്കും നല്ല ജീവിതം നയിച്ചുകൂടേ? പൊതുജനങ്ങളുടെ പണം ഉപയോഗിക്കുന്നതിൽ ഞങ്ങൾക്ക് താൽപര്യമില്ല. എന്നാൽ ഞങ്ങൾ എല്ലായ്പ്പോഴും ദരിദ്രരും യാതൊരു സൗകര്യങ്ങളുമില്ലാത്തവരുമായി തുടരണമെന്ന് പ്രതീക്ഷിക്കുന്നത് യുക്തിരഹിതമാണ്”- എന്നായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണയുടെ പ്രതികരണം.

അതേസമയം മൈഥിലി ഉപയോഗിച്ച റോൾസ് റോയ്സ് അവരുടെ ഉടമസ്ഥതയിലുള്ളതാണോ, വാടകയ്ക്ക് എടുത്തതാണോ മറ്റേതെങ്കിലും ക്രമീകരണത്തിന്‍റെ ഭാഗമായാണോ ലഭിച്ചതെന്നത് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വാഹനം മൈഥിലിയുടെ സ്വന്തമാണെന്ന രീതിയിലായിരുന്നു ട്രോൾ വർഷം.

ആരാണ് മൈഥിലി ഠാക്കൂർ?

ബിഹാറിലെ മധുബനി ജില്ലയിലെ ബെനിപട്ടിയിലാണ് മൈഥിലിയുടെ ജനനം. സംഗീത പരിശീലനത്തിന്‍റെ ഭാഗമായി പിന്നീട് ഡൽഹിയിലെ ദ്വാരകയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറി. ജനപ്രിയ നാടൻ ഗായികയായ മൈഥിലി 2025ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 25 വയസിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച അവർ വടക്കൻ ബിഹാറിലെ അലിനഗർ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി മൈഥിലി മാറി. ഭോജ്പുരി, ഭക്തിഗാനങ്ങൾ, സിനിമാ ഗാനങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ സംഗീത മേഖലകളിൽ മൈഥിലി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com