
തഹാവൂർ റാണ
file image
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ ഹുസൈൻ റാണയ്ക്ക് കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കാൻ അനുമതി. ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. റാണയ്ക്ക് ഒറ്റത്തവണ ഫോണ്‍ കോളിനുള്ള അനുമതിയാണ് നല്‍കിയത്. ജയില്‍ ചട്ടങ്ങളനുസരിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടത്തിലായിരിക്കും റാണയ്ക്ക് വീട്ടുകാരുമായി സംസാരിക്കാന്‍ സാധിക്കുക എന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ മാസം കുംടുംബാംഗങ്ങളെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി റാണ കോടതിയെ സമീപിച്ചിരുന്നു. ഒറ്റ തവണ ഫോണിൽ സംസാരിക്കുന്നതിന് എതിർപ്പില്ലെന്ന് എന്‍ഐഎയും കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി അനുമതി നൽകിയത്.
ഭാവിയിൽ റാണയ്ക്ക് ഫോൺ വിളിക്കാൻ അനുവദിക്കണമോ എന്ന കാര്യത്തിൽ ജയിൽ അധികൃതരുടെ നിലപാട് വിശദീകരിക്കണം എന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ റാണയുടെ നിലവിലുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടും 10 ദിവസത്തിനുള്ളിൽ സമർപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.