

ഭോജശാല സമുച്ചയം.
File
ഇന്ദോർ: മധ്യപ്രദേശിലെ ധർ ജില്ലയിലുള്ള തർക്കഭൂമിയായ ഭോജശാല സമുച്ചയം സരസ്വതീ ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി പ്രഖ്യാപിച്ചു. പള്ളി നിർമിക്കുന്നതിനായി മുസ്ലിം സമുദായത്തിന് ജില്ലയിൽ തന്നെ മറ്റൊരു സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു.
ഭോജശാല സമുച്ചയം വാഗ്‌ദേവിക്കായി (സരസ്വതി ദേവി) സമർപ്പിക്കപ്പെട്ട ക്ഷേത്രമാണെന്ന് ഹൈക്കോടതിയുടെ ഇന്ദോർ ബെഞ്ച് വ്യക്തമാക്കി. ഇവിടെ സംസ്കൃത പഠനകേന്ദ്രവും സരസ്വതി ക്ഷേത്രവും ഉണ്ടായിരുന്നതിന്‍റെ സൂചനകൾ കോടതി കണക്കിലെടുത്തു.
പുരാവസ്തു വകുപ്പ് (ASI) സമർപ്പിച്ച 2000-ത്തിലധികം പേജുള്ള ശാസ്ത്രീയ സർവേ റിപ്പോർട്ട് വിധിയിൽ നിർണായകമായി. ഇപ്പോൾ കാണുന്ന ഘടന പടുത്തുയർത്തിയിരിക്കുന്നത്, മുൻപുണ്ടായിരുന്ന ക്ഷേത്ര ഭാഗങ്ങൾ ഉപയോഗിച്ചാണെന്നും പർമർ രാജാക്കന്മാരുടെ കാലത്തെ വലിയൊരു നിർമിതി അവിടെയുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പള്ളി നിർമിക്കുന്നതിനായി മുസ്ലിം സമുദായത്തിന് ജില്ലയിൽ അനുയോജ്യമായ മറ്റൊരു ഭൂമി നൽകുന്നതിനായി സർക്കാരിനെ സമീപിക്കാമെന്ന് ജസ്റ്റിസ് വിജയ് കുമാർ ശുക്ല, ജസ്റ്റിസ് അലോക് അവസ്തി എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
ഹിന്ദുക്കൾ ഭോജശാലയെ സരസ്വതി ക്ഷേത്രമായും മുസ്ലിം വിഭാഗം ഇതിനെ കമാൽ മൗല പള്ളിയായും കരുതിപ്പോന്നു. 2003-ൽ എഎസ്ഐ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾക്ക് ആരാധനയ്ക്കും വെള്ളിയാഴ്ചകളിൽ മുസ്ലിംകൾക്ക് നിസ്കാരത്തിനും അനുമതി നൽകിയിരുന്നു. ഇതിനെതിരേ ഹിന്ദു വിഭാഗം നൽകിയ ഹർജികളിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
സർവേ റിപ്പോർട്ട് പക്ഷപാതപരമാണെന്ന മുസ്ലിം പക്ഷത്തിന്‍റെ വാദം കോടതി തള്ളി. മുസ്ലിം സമുദായത്തിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയതെന്ന് എഎസ്ഐ കോടതിയെ അറിയിച്ചു.
സമുച്ചയത്തിൽ നിന്ന് കണ്ടെത്തിയ പുരാതന നാണയങ്ങളും ശിൽപ്പങ്ങളും ലിഖിതങ്ങളും ഇത് ക്ഷേത്രമാണെന്ന വാദത്തിന് ബലം നൽകുന്നതാണെന്ന് ഹിന്ദു വിഭാഗം കോടതിയിൽ വാദിച്ചു. മേയ് 12-ന് വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റിവെച്ച കേസിലാണ് വെള്ളിയാഴ്ച ചരിത്രപരമായ പ്രഖ്യാപനം ഉണ്ടായത്.