ഡൽഹി കലാപക്കേസിലെ പ്രതി നടാഷ നർവാളിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

നവംബർ 2 മുതൽ ഡിസംബർ ഒന്നുവരെ യാത്ര ചെയ്യുന്നതിനാണ് ജസ്റ്റിസ് അമിത് ബൻസാലിന്‍റെ അധ‍്യക്ഷതയിലുള്ള ബെഞ്ച് അനുമതി നൽകിയത്
Court grants permission for foreign travel to Natasha Narwal, an accused in the Delhi riots case

നടാഷ നർവാൾ

Updated on: 

ന‍്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതിയായ ആക്റ്റിവിസ്റ്റ് നടാഷ നർവാളിന് യുകെയിലേക്ക് യാത്ര ചെയ്യാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി.

അക്കാദമിക് സമ്മേളനത്തിലും ഗവേഷണ പ്രവർത്തനത്തിലും പങ്കെടുക്കുന്നതിനായി നവംബർ 2 മുതൽ ഡിസംബർ ഒന്നുവരെ യാത്ര ചെയ്യുന്നതിനാണ് ജസ്റ്റിസ് അമിത് ബൻസാലിന്‍റെ അധ‍്യക്ഷതയിലുള്ള ബെഞ്ച് അനുമതി നൽകിയത്.

എന്നാൽ ഹരിയാനയിൽ താമസിക്കുന്ന സഹോദരൻ ആൾ ജാമ‍്യം നിൽക്കണമെന്നും ഒരു ലക്ഷം രൂപയുടെ വ‍്യക്തിഗത ബോണ്ട് നൽകണമെന്ന വ‍്യവസ്ഥയോടെയാണ് യാത്രയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള അനുമതി നിയന്ത്രിക്കാൻ സാധിക്കില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.

ഇന്ത‍്യയിലേക്ക് തിരിച്ചെത്തുമെന്നും യുകെയിൽ അഭയം തേടില്ലെന്നും ഉറപ്പുനൽകികൊണ്ടുള്ള സത‍്യവാങ്മൂലം വിചാരണക്കോടതിയിൽ സമർപ്പിക്കണമെന്ന് നടാഷയോടും സഹോദരനോടും കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ യുകെയിൽ കഴിയുന്ന സമയം ഇന്ത‍്യയിലുള്ള കേസിനെ പറ്റി പരസ‍്യ പ്രസ്താവന നടത്തരുതെന്നും ഇന്ത‍്യയിൽ തിരിച്ചെത്തിയ ശേഷം 48 മണിക്കൂറിനകം പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും നിർദേശമുണ്ട്.

logo
Metro Vaartha
www.metrovaartha.com