
ഇംഫാൽ: മണിപ്പൂരിലെ 5 ജില്ലകളിൽ കർഫ്യു ഇളവ് പ്രഖ്യാപിച്ച് അധികൃതർ. ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ വാങ്ങുന്നതിനു വേണ്ടിയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഫാൽ ഈസ്റ്റ്, വെസ്റ്റ്, കാക്ചിങ് ജില്ലകളിൽ രാവിലെ 5 മുതൽ വൈകിട്ട് 6 മണി വരെയും തോബാൽ ജില്ലയിൽ രാവിലെ 5 മുതൽ വൈകിട്ട് 8 മണി വരെയും ബിഷ്ണുപുരിൽ രാവിലെ 5 മുതൽ പകൽ 11 മണി വരെയുമാണ് ഇളവ്.
ബുധനാഴ്ച ബിഷ്ണുപുരിലുണ്ടായ അക്രമത്തിൽ അക്രമികൾ സുരക്ഷാ ബാരികേഡുകൾ തകർക്കാൻ ശ്രമിച്ചിരുന്നു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതോടെയാണ് ആൾക്കൂട്ടം പിരിഞ്ഞു പോയത്. അക്രമത്തിൽ സ്ത്രീകൾ ഉൾപ്പെടെ 40 പേർക്ക് പരിക്കേറ്റിരുന്നു.
കർഫ്യു ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് കൂട്ടം കൂടാനോ ധർണയോ റാലിയോ മുതലായ പ്രതിഷേധങ്ങൾ നടത്താനോ ഉള്ള അനുവാദമില്ലെന്ന അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.