പൊലീസ് വാൻ തടഞ്ഞതിന്‍റെ പേരിൽ സൈബർ ആക്രമണം; പരാതി നൽകി റിയ ആഹിർ

വാൻ തടഞ്ഞു കൊണ്ട് നിൽക്കുന്ന റിയയുടെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
Cyber ​​attack over stopping a police van; Riya Ahir files complaint

റിയ ആഹിർ

Updated on

മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ മുംബൈയിൽ വിദ്യാർഥികളെ കുത്തി നിറച്ച പൊലീസ് വാൻ തടഞ്ഞതിന്‍റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട് മോഡൽ റിയ ആഹിർ. ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് സൈബർ പൊലീസിന് റിയ പരാതി നൽകി. ജൂലൈ 22ന് ദാദറിൽ വച്ചാണ് റിയ ഒറ്റയ്ക്ക് പൊലീസ് വാൻ തടഞ്ഞത്.

പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ കുത്തി നിറച്ചാണ് പൊലീസ് വാൻ വന്നിരുന്നതെന്നും സ്ഥലമില്ലാത്തതിനാൽ പൊലീസുകാർ വണ്ടിയുടെ ചവിട്ടുപടികളിൽ ആണ് നിന്നിരുന്നതെന്നും കുട്ടികൾ ഉറക്കെ കരയുന്നുണ്ടായിരുന്നുവെന്നും റിയ പിന്നീട് വെളിപ്പെടുത്തിയിരുന്നു. അറസ്റ്റ് മെമോ പോലും ഇല്ലാതെയാണ് വിദ്യാർഥികളെ കൊണ്ടു പോകുന്നതെന്ന് വ്യക്തമായതോടെയാണ് താൻ വാൻ തടഞ്ഞതെന്നും റിയ പറയുന്നു. വാൻ തടഞ്ഞു കൊണ്ട് നിൽക്കുന്ന റിയയുടെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

എന്നാൽ തന്‍റെ മുഖം ഉപയോഗിച്ച് ഡീപ്- ഫേക്ക് വിഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുന്നതും സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റുകൾ പങ്കു വയ്ക്കുന്നതും ശ്രദ്ധയിൽ പെട്ടതോടെയാണ് റിയ നിയമനടപടികളുമായി മുന്നോട്ടു പോയത്. ഡീപ് ഫേക്ക് വിഡിയോകളുടെ സ്ക്രീൻ ഷോട്ടുകളും യുആർഎലുകളും മറ്റു ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ടെന്നും റിയ പറയുന്നു.

logo
Metro Vaartha
www.metrovaartha.com