
പ്രതി രാജേഷ് ഭായ് ഖിംജി,ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ച രാജേഷ് ഭായ് ഖിംജി നായ്പ്രേമിയെന്ന് വെളിപ്പെടുത്തൽ. നഗരത്തിൽ നിന്ന് തെരുവുനായകളെ നീക്കം ചെയ്യണമെന്ന സുപ്രീം കോടതി വിധിയിൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്നും പ്രതിയുടെ മാതാവ് ഭാനു പൊലീസിനോട് പറഞ്ഞു. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ ഇതു വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആക്രമണസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്നും ഒരു ബന്ധുവിന്‍റെ അറസ്റ്റിൽ സഹായം തേടിയാണ് മുഖ്യമന്ത്രിക്കരികിൽ എത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഡൽഹി പൊലീസ് പ്രതിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ആക്രമണത്തിന് പിന്നാൽ രാഷ്‌ട്രീയ ഗൂഢാലോചന നടന്നതായി ബിജെപി ആരോപിച്ചിട്ടുണ്ട്.
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. യുവാവ് ഭാരമേറിയ വസ്തു ഉപയോഗിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ പരുക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ തലയ്ക്കാണ് പരുക്കേറ്റത്.