

ലോക്കറിൽ വച്ച ആഭരണം നഷ്ടപ്പെട്ടു; യൂണിയൻ ബാങ്ക് 47 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി
ന്യൂഡൽഹി: ലോക്കറിൽ വച്ചിരുന്ന സ്വർണാഭരണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതിയിൽ യൂണിയൻ ബാങ്ക് 47 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. ഡൽഹി സ്റ്റേറ്റ് ഉപഭോക്തൃ പരാതി പരിഹാര കമ്മിഷന്‍റേതാണ് ഉത്തരവ്. മോണിക്ക മാർവാ എന്ന യുവതിയാണ് പരാതി നൽകിയിരുന്നത്. പരേതനായ ഭർതൃപിതാവിന്‍റെയും മോണിക്കയുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിൽ 1998ലാണ് ആഭരണം സൂക്ഷിച്ചിരുന്നത്.
2010 ഓഗസ്റ്റിൽ ഭർതൃപിതാവ് അന്തരിച്ചു. അതിനു ശേഷം 2013 വരെ ബാങ്കിന് ലോക്കർ ചാർജ് നൽകിയിരുന്നു. 2018 സെപ്റ്റംബറിൽ ലോക്കർ തുറക്കാനായി സമീപിച്ചപ്പോഴാണ് 2015 ജനുവരി 22ന് ലോക്കർ സറണ്ടർ ചെയ്തതായി ബാങ്ക് അറിയിച്ചത്. 47 ലക്ഷം രൂപ വില വരുന്ന ആഭരണം തനിക്ക് നഷ്ടപ്പെട്ടെന്ന് കാണിച്ചാണ് യുവതി പരാതി നൽകിയിരുന്നത്.
എന്നാൽ പരാതിക്കാരിയോ അവരുടെ ഭർതൃപിതാവോ ഇതു സംബന്ധിച്ച് അനുമതി നൽകിയതായി തെളിയിക്കാൻ ബാങ്കിന് സാധിച്ചിട്ടില്ല. തെളിവുകളുടെ അഭാവത്തിൽ വർഷത്തിൽ ആറ് ശതമാനം എന്ന കണക്കിൽ 2018 സെപ്റ്റംബർ 1 മുതൽ 2026 ഒക്റ്റോബർ 27 വരെയുള്ള തുകയുടെ പലിശ നൽകണമെന്നും മാനസിക ബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരമായി 3 ലക്ഷം രൂപയും കോടതി ചെലവുകൾക്കായി 50,000 രൂപയും നൽകണമെന്നും ഉത്തരവിട്ടുണ്ട്. കമ്മിഷൻ പ്രസിഡന്‍റ് സംഗീത ധീംഗ്ര സേഹ്ഗാൾ, അംഗമായ ബിംല കുമാരി എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി.