സ്‌കൂൾ പ്രവേശനത്തിന് തെറ്റായ ജനനത്തീയതി നല്‍കിയ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ പിഴ

കുട്ടിയുടെ ജനന തീയതിയുമായി ബന്ധപ്പെട്ട് ബോധപൂര്‍വം തെറ്റായ വിവരങ്ങളും രേഖയും നല്‍കിയെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് പിഴ ചുമത്തുകയായിരുന്നു
Delhi HC imposes 2 lakh fine parents who gave wrong date of birth school admission

സ്‌കൂളില്‍ പ്രവേശനത്തിനായി തെറ്റായ ജനന തീയതി നല്‍കിയ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി

Updated on

ന്യൂഡല്‍ഹി: സ്‌കൂളില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് തെറ്റായ ജനന തീയതി നല്‍കിയ മാതാപിതാക്കളുടെ പ്രവര്‍ത്തി കാരണം കുട്ടി കഷ്ടപ്പെടാന്‍ ഇടയാകരുതെന്ന് വ്യക്തമാക്കി വ്യാജ വിവരങ്ങള്‍ നല്‍കിയ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി. വിദ്യാർഥിയുടെ ജനന തീയതി സ്‌കൂള്‍ രേഖകളിലും പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റിലും തിരുത്തി നല്‍കാന്‍ സെന്‍റ് കൊളംബാസ് സ്‌കൂളിനോടും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനോടും ജസ്റ്റിസ് വികാസ് മഹാജന്‍ ആവശ്യപ്പെട്ടു.

കുട്ടിയുടെ ജനന തീയതിയുമായി ബന്ധപ്പെട്ട് ബോധപൂര്‍വം തെറ്റായ വിവരങ്ങളും രേഖയും നല്‍കിയെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് പിഴ ചുമത്തുകയായിരുന്നു. ഹര്‍ജിക്കാരന്‍റെ മാതാപിതാക്കള്‍ ചെയ്ത തെറ്റിന്‍റെ ഉത്തരവാദിത്തം പ്രവേശന സമയത്ത് 4 വയസ് മാത്രം പ്രായമുണ്ടായിരുന്ന, ഇപ്പോഴും പ്രായപൂര്‍ത്തിയാകാത്ത ഹര്‍ജിക്കാരനില്‍ ആരോപിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. 2014 ഏപ്രിലില്‍, കുട്ടിയുടെ ജനന തീയതി 2010 മാര്‍ച്ച് 23 ആണെന്ന് മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് കിന്‍റെര്‍ഗാര്‍ട്ടനില്‍ പ്രവേശനം ലഭിച്ചത്. 2009 ഏപ്രിൽ ഒന്നിനും 2010 മാര്‍ച്ച് 31നും ഇടയില്‍ ജനിച്ച കുട്ടികള്‍ക്ക് മാത്രമായിരുന്നു അന്ന് പ്രവേശനം. എന്നാല്‍ കുട്ടിയുടെ യഥാർഥ ജനന തീയതി 2010 ഏപ്രില്‍ 23 ആയതിനാല്‍ പ്രവേശനം ലഭിക്കില്ലായിരുന്നു.

പിന്നീട്, 2011ലെ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ആശുപത്രി രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ തീയതി തിരുത്താന്‍ കുട്ടി അപേക്ഷ നല്‍കുകയായിരുന്നു. അതു തിരുത്തുന്നത് കുട്ടിയുടെ പ്രവേശനത്തെ അസാധുവാക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാദിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം, മാതാപിതാക്കള്‍ കുട്ടിയുടെ പ്രായം ഒരു മാസം കുറച്ചു കാണിച്ചു എന്ന കാരണത്താല്‍ മാത്രം കെജി പ്രവേശനം റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 4 ആഴ്ചയ്ക്കുള്ളില്‍ തീയതി തിരുത്താന്‍ സ്‌കൂളിനും സിബിഎസ്ഇക്കും കോടതി നിര്‍ദ്ദേശം നല്‍കി.

12ാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കായി പുതുക്കിയ ജനന തീയതി രജിസ്റ്റര്‍ ചെയ്യാനും സിബിഎസ്ഇയോട് ഉത്തരവിട്ടു. ഔദ്യോഗിക രേഖകളില്‍ ജനന തീയതിയില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ ഇന്ത്യയിലും വിദേശത്തുമുള്ള കോളെജുകളില്‍ അപേക്ഷിക്കുമ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും കുട്ടിയുടെ വ്യക്തിത്വത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുമെന്നും കോടതി ഓർമിപ്പിച്ചു. അനീതി കാണിച്ച മാതാപിതാക്കളെ ശിക്ഷിക്കാതെ വിടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്.

logo
Metro Vaartha
www.metrovaartha.com